കെട്ടിക്കിടക്കുന്നത് 67 കോടി
കല്‍പ്പറ്റ: സഹകരണ ബാങ്കുകള്‍ പഴയ 500, 1000 രൂപാ നോട്ടുകള്‍ കൈകാര്യം ചെയ്യേണ്ടെന്ന് ആര്‍.ബി.ഐ നിര്‍ദേശിച്ചതോടെ ജില്ലയില്‍ പ്രാഥമിക സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലുമായി ശേഖരിച്ച 67 കോടി രൂപ കെട്ടിക്കിടക്കുന്നു. നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ ഒന്‍പതു മുതല്‍ 14 വരെ ശേഖരിച്ച തുകയുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
ജില്ലയിലെ 27 പ്രാഥമിക സഹകരണ ബാങ്കുകളിലായി 10,17,10000 രൂപയുടെ നോട്ടുകളും ജില്ലാ സഹകരണ ബാങ്കുകളിലായി 57,04,000 രൂപയുടെ നോട്ടുകളുമാണ് ശേഖരിച്ചത്. ഈ നോട്ടുകളുടെ കാര്യത്തില്‍ മാത്രമാണ് പ്രതിസന്ധിയുള്ളതെന്നും പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും പ്രൈമറി കോ-ഓപ്പറേറ്റീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ 27 പ്രാഥമിക ബാങ്കുകളും, അവയുടെ ശാഖകളുമടക്കം 70ഓളം സ്ഥാപനങ്ങളാണുള്ളത്. ജില്ലാ ബാങ്കിന്റെ 35 ശാഖകളുമുണ്ട്. ഇതിന് പുറമെ മറ്റ് സഹകരണ ബാങ്കുകളും സൊസൈറ്റികളും വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 27 പ്രാഥമിക ബാങ്കുകളില്‍ മാത്രമായി 2000 കോടിയുടെ നിക്ഷേപമുണ്ട്. വയനാട് ജില്ലാ ബാങ്കില്‍ 800 കോടിയുടെ നിക്ഷേപവുമാണുള്ളത്. നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതത്വവും ഇന്‍ഷൂറന്‍സ് പരിരക്ഷയുമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
നോട്ടുകള്‍ മാറ്റുന്നതിനും, സ്വീകരിക്കുന്നതിനും സഹകരണ മേഖലയെ അനുവദിക്കാതിരിക്കുന്ന ആര്‍.ബി.ഐയുടെ നിലപാടാണ് പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതിനെതിരെ ഉയരുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഭരണസമിതികളും കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തിയിരുന്നു. 21ന് എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളുടെ മുമ്പിലും സഹകാരികളുടെ സംഗമം നടത്തും.
സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കലാണ്. സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും, നബാര്‍ഡിന്റെയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിയും പരിശോധന ബാങ്കുകളില്‍ നടക്കാറുണ്ട്. 2014 വരെയുള്ള ഇന്‍കംടാക്‌സ് എല്ലാ പ്രാഥമിക ബാങ്കുകളും അടച്ചതാണ്.
ബാങ്കുകള്‍ നഷ്ടത്തിലായാലും, ലാഭത്തിലായാലും ഓരോവര്‍ഷത്തേയും ഡിപ്പോസിറ്റിന്റെയും വായ്പയുടെ അടിസ്ഥാനത്തില്‍ 30 ശതമാനമാണ് ടാക്‌സ് ഈടാക്കിയിരുന്നത്. ഇത് 2014 വരെയുള്ളത് അടച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ടാക്‌സ് ഈടാക്കാന്‍പാടില്ലെന്ന വിധിയെ തുടര്‍ന്ന് പിന്നീട് ടാക്‌സ് അടച്ചില്ല.
എന്നാല്‍ നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിയമത്തില്‍ പറയുന്ന പ്രകാരം ഇന്‍കം ടാക്‌സിന് വിവരം നല്‍കാറുണ്ട്. ആര്‍.ബി.ഐ നിലപാട് ജില്ലയിലെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."