കായിക കിരീടം ഇരിട്ടിക്ക്
കണ്ണൂര്‍: പയ്യന്നൂരിന്റെ ആറാം കിരീട മോഹം തകര്‍ത്ത് ഇരിട്ടി ഉപജില്ലയ്ക്ക് കായിക കിരീടം. 143 പോയിന്റ് നേടിയ പയ്യന്നൂരിനെ 144 പോയിന്റ് നേടിയാണ് ഇരിട്ടി പിന്നിലാക്കിയത്. പയ്യന്നൂരിനു വേണ്ടി കോഴിച്ചാല്‍ സ്‌കൂള്‍ മുന്നേറ്റം സൃഷ്ടിച്ചപ്പോള്‍ ഇരിട്ടിക്കു വേണ്ടി കൊളക്കാട് സാന്‍തോം എച്ച്.എസ്.എസും എടൂര്‍ സെന്റ് മേരിസ് എച്ച്.എസ്.എസും പടക്കുതിരകളായി. 52 പോയിന്റാണ് രണ്ട് സ്‌കൂളുകളും ചേര്‍ന്ന് നേടിയത്. 20 പോയിന്റോടെ അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് എച്ച്.എസും 18 പോയിന്റോടെ മണത്തണ ഗവ.ഹയര്‍ സെക്കന്‍ഡറിയും മികച്ച പ്രകടനം നടത്തി. പയ്യന്നൂരിനു വേണ്ടി ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ 22 പോയിന്റ് നേടി. സി.എച്ച്.എം എച്ച്.എസ്.എസ് എളയാവൂരിന്റെ കരുത്തില്‍ കണ്ണൂര്‍ നോര്‍ത്ത് 98 പോയിന്റോടെ മൂന്നാം സ്ഥാനത്തും തളിപ്പറമ്പ് നോര്‍ത്ത് 84 പോയിന്റും ഇരിക്കൂര്‍ 67.5 പോയിന്റുമായി യഥാക്രമം നാലും അഞ്ചും സ്ഥാനത്തുമെത്തി. വിജയികള്‍ക്ക് കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത ട്രോഫികള്‍ വിതരണം ചെയ്തു. പി.പി ദിവ്യ അധ്യക്ഷയായി. ഡി.ഡി.ഇ എം ബാബുരാജ്, എം പ്രസന്നകുമാരി, ഷാഹിന മൊയ്തീന്‍, എന്‍ ബാലകൃഷ്ണന്‍, പി.വി പുരുഷോത്തമന്‍, കെ.വി സുരേന്ദ്രന്‍, കെ.ജി ജോണ്‍സണ്‍ സംസാരിച്ചു.
11 റെക്കോര്‍ഡ്
കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ട്രാക്കിലും ഫീല്‍ഡിലും പിറന്നത് 11 റെക്കോര്‍ഡുകള്‍. കഴിഞ്ഞ മീറ്റ് റെക്കോര്‍ഡുകളെക്കാള്‍ നാല് റെക്കോര്‍ഡുകള്‍ കുറഞ്ഞെങ്കിലും താരങ്ങള്‍ മിന്നും പ്രകടനം കാഴ്ചവച്ചു. സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ വി.വി അര്‍ഷാന വീണ്ടും താരമായി. സീനിയര്‍ വിഭാഗം ഹാമര്‍ ത്രോയിലാണ് കഴിഞ്ഞ വര്‍ഷത്തെ തന്റെ പേരിലുണ്ടായ 32.25 മീറ്റര്‍ റെക്കോര്‍ഡ് തിരുത്തിയത്. ഇക്കുറി 34.62 മീറ്റര്‍ ദൂരത്തിലാണ് അര്‍ഷാന ഹാമര്‍ എറിഞ്ഞത്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ ഗ്രേസ് മേരി സന്തോഷ് പുതിയ ദൂരം കുറിച്ചു. 2014ല്‍ അര്‍ഷാന കുറിച്ച 24.69 മീറ്റര്‍ ദൂരമാണ് 25.53 മീറ്റര്‍ എറിഞ്ഞ് ഗ്രേസ് മേരി പുതിയ റെക്കോര്‍ഡിട്ടത്. രണ്ടാംദിനത്തില്‍ ഷോട്ട്പുട്ട് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വി.വി അര്‍ഷാനയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സായ് തലശേരിയിലെ ദില്‍ന ഫിലിപ്പും ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാര്‍മര്‍ ത്രോയില്‍ സി.എച്ച്.എം എച്ച്.എസ്.എസ് എളയാവൂരിലെ എന്‍ പ്രണവും റെക്കോര്‍ഡിട്ടു. ആദ്യദിനത്തില്‍ പോള്‍വാട്ടില്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ പി.കെ സോണിയയും ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മാടായി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി അനഖയും ഉള്‍പ്പെടെ ആറുപേര്‍ പുതിയ റെക്കോര്‍ഡിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."