തീരദേശ ഹൈവേ; വലിയപറമ്പിനെ പരിഗണിക്കണമെന്ന് ആവശ്യം
ഫിഷറിസ് വകുപ്പ് തയാറാക്കിയ പദ്ധതില്‍ ചൂട്ടാട് ബീച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ 24 കിലോമീറ്റര്‍ നീളം കൂടിയ പഞ്ചായത്തായ വലിയപറമ്പിനെ പരാമര്‍ശിക്കുന്നില്ല
തൃക്കരിപ്പൂര്‍: സംസ്ഥാന ഫിഷറിസ് വകുപ്പ് ലക്ഷ്യമിടുന്ന 548 കിലോമീറ്റര്‍ തീരദേശ ഹൈവേയില്‍ വലിയപറമ്പ പഞ്ചായത്തിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. കായലും കടലും കൈകോര്‍ക്കുന്നതും പ്രകൃതി സൗന്ദര്യവുമുള്ള വലിയപറമ്പില്‍ ചെറുതും വലുതുമായ നിരവധി ദ്വീപുകളാല്‍ സമ്പന്നമാണ്.
വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന വലിയപറമ്പ പഞ്ചായത്ത് തനതു ഫണ്ട് ഏറ്റവും കുറഞ്ഞ സംസ്ഥാനത്തെ ഏക പഞ്ചായത്താണ്. നിലവില്‍ രണ്ടു പാലങ്ങളാലാണു വലിയപറമ്പ ദ്വീപിനെ മറുകരയുമായി ബന്ധിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളിയില്‍ നിന്നു പാണ്ട്യാല കടവുമായി ബന്ധിപ്പിക്കുന്ന പാലത്തിനു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതു ദ്വീപിന്റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും.
ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കാനും തീരദേശ മേഖലയില്‍ വികസനം എത്തിക്കുന്നതിനും മത്സ്യ മേഖലയെ സംരക്ഷിക്കുന്നതിനും ഫിഷറിസ് വകുപ്പ് തയാറാക്കിയ പദ്ധതില്‍ ചൂട്ടാട് ബീച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ 24 കിലോമീറ്റര്‍ നീളം കൂടിയ പഞ്ചായത്തായ വലിയപറമ്പിനെ കുറിച്ചു പരാമര്‍ശമില്ല.
പാണ്ട്യാല കടവ് മുതല്‍ മാവിലാകടപ്പുറം പുലിമുട്ട് വരെയുളള റോഡ് 80 ശതമാനവും പണി പൂര്‍ത്തിയായി. തൃക്കരിപ്പൂര്‍ കടപ്പുറം മുതല്‍ തെക്കോട്ടുളള റോഡാണു നിര്‍മാണത്തിലുള്ളത്.
റോഡിനു പുറമെ തൃക്കരിപ്പൂര്‍, പടന്ന, ചെറുവത്തൂര്‍ , പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനു മാവിലാക്കടപ്പുറം, വലിയപറമ്പ് ഇടയിലെക്കാട് രണ്ട് റോഡ് പാലങ്ങളുമുണ്ട്. നിലവിലെ റോഡിന് വീതി കൂട്ടാന്‍ സ്ഥലം വിട്ട് നല്‍കുന്നതിലും തടസ്സമില്ല.
ഹൈവേ നിര്‍മാണത്തിനു നിര്‍ദേശിക്കുന്ന മാനദണ്ഡത്തിനുസരിച്ച് റോഡ് നവീകരണവും നടത്താവുന്നതാണ്.
റോഡിനോടു ചേര്‍ന്നുളള കടല്‍ തീരം വനവല്‍ക്കരണം നടത്തിയാല്‍ കടല്‍ക്ഷോഭത്തെ തടയാനും പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പു വരുത്താനുമാവും. ഹൈവേ നീലേശ്വരം മുനിസിപാലിറ്റിയുമായി ബന്ധിപ്പിക്കുന്നതിനു 100 മീറ്റര്‍ നീളത്തില്‍ അഴിമുഖത്തു പുതിയ പാലം മാത്രമാണ് ഇനി നിര്‍മിക്കേണ്ടത്. ഈ പാലത്തിനു പദ്ധതിയാവുന്നതോടെ അഴീത്തല മുതല്‍ അജാനൂര്‍ വരെ റോഡിന് വീതി കൂട്ടുകയും പളളിക്കര ചിത്താരി പുഴക്ക് ഒരു പാലം കൂടി നിര്‍മിച്ച് ബേക്കല്‍ ടൂറിസവുമായി അനായാസം ബന്ധിപ്പിക്കാം.
പുതിയ പാത നിര്‍മിക്കുമ്പോഴുണ്ടാകുന്ന സ്ഥലമെടുപ്പും നിയമ പ്രശ്‌നവും ഒഴിവാക്കാനാകും. നിലവിലെ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കേണ്ടത് ഒരു ശതമാനം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."