മണ്ണിലെ നന്മ, മനുഷ്യനിലെ മഹത്വം; ജയ്‌സിങ് കൃഷ്ണന്റെ കാര്‍ഷിക ജീവിതം മാതൃകയാകുന്നു
കുന്നംകുളം: മണ്ണിലെ നന്മ, മനുഷ്യനിലെ മഹത്വം. അതാണ് കാണിയാമ്പല്‍ സ്വദേശിയായ ജയ്‌സിംഗ് കൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറത്തുകാരന്റെ ജീവിതം. അഞ്ചര പതിറ്റാണ്ട് പിന്നിട്ടിട്ടും നീളുന്ന കര്‍ഷക ജീവിതം. തന്റെ ആറാമത്തെ വയസില്‍ ബാലപാഠങ്ങള്‍ക്കൊപ്പം അച്ഛനായ കൃഷ്ണനിലെ കര്‍ഷകനന്മയും ജയ്‌സിങ് തിരിച്ചറിഞ്ഞു. അവിടെ തുടങ്ങുകയാണ് ഇപ്പോഴത്തെ ചീരംകുളത്തുകരുടെ ജനപ്രതിനിധിയായ ജയ്‌സിങിന്റെ കര്‍ഷകജീവിതം. പതിനാറാമത്തെ വയസില്‍ പശു വളര്‍ത്തല്‍ ആരംഭിച്ചു. മൂന്നു പശുവില്‍ നിന്നാണ് പിന്നീട് അഞ്ചും എട്ടുമായി പശു ഫാം വിപുലീകരിച്ചത്. 77ല്‍ തുടങ്ങി 2011 വരെ കാണിപ്പയ്യൂര്‍ ക്ഷീര കര്‍ഷക സര്‍വീസ് സഹകരണ സംഘത്തിലേക്ക് രണ്ടു ലക്ഷത്തിലധികം ലിറ്റര്‍ പാലളന്നു നല്‍കി ജയ്‌സിങിന്റെ ക്ഷീര കര്‍ഷക വിജയം നാടാഘോഷിച്ചു. 2004ല്‍ പോത്ത് വളര്‍ത്തലിലും ജയ്‌സിങ് പരീക്ഷണം നടത്തി. വിജയം കണ്ട പരീക്ഷണം ഫാമിലേക്ക് ജയ്‌സിങിനെ നയിച്ചു.
പല കാരണങ്ങളാല്‍ പശു വളര്‍ത്തല്‍ നിന്ന് പോയെങ്കിലും ചെറിയ തോതില്‍ ഇപ്പോഴും വീട്ടില്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. ഗുജറാത്തില്‍ നിന്നും കൊണ്ടുവന്ന ഗീര്‍ ഇനത്തില്‍ പെട്ട പശുവും ജേഴ്‌സി പശുവുമാണ് ഇപ്പോഴുള്ളത്. പ്രതിരോധശേഷിയുള്ള ഗീര്‍ ഇനം പശു പാലുല്‍പ്പാദനത്തിലും മുന്നിലാണ്. ആന്ധ്രാപ്രദേശില്‍ നിന്നും കൊണ്ട് വന്ന പോത്തുകളാണ് ഇപ്പോള്‍ ഫാമിലെ താരങ്ങള്‍. മുറാ വര്‍ഗത്തില്‍ പെട്ട അഞ്ചു പോത്തുകളാണ് നിലവിലുള്ളത്. ഒന്‍പതു മാസം മുന്‍പാണ് ഇടനിലക്കാരില്ലാതെ ജയ്‌സിങ് നേരിട്ട് പോയി ഇവയെ വാങ്ങിയത്. സി.ഒ.ത്രീ ഇനം തീറ്റപുല്ലുകളാണ് ഇഷ്ട ആഹാരം. ഇവ ഇടവിളയായി പറമ്പില്‍ കൃഷി ചെയുന്നുണ്ട് . കൃഷിക്കാവശ്യമായ ജൈവ വളത്തിനും മാംസത്തിനുമായാണ് ഇവയെ വളര്‍ത്തുന്നത്.
ക്ഷീര മേഖലയിലാണ് തുടക്കമെങ്കിലും മണ്ണിനെ അറിഞ്ഞതോടെ നെല്‍കൃഷി രംഗത്തും ജയ്‌സിങ് വിത്തിറക്കി. തന്റെതടക്കമുള്ള 15 ഏക്കര്‍ വരുന്ന സ്ഥലത്താണ് നെല്‍ക്കൃഷി ചെയ്യുന്നത്. നെല്‍പ്പാടങ്ങള്‍ക്കു നടുവിലാണ് തെങ്ങ് കൃഷി ചെയുന്നത്. കുറ്റ്യാടി ഇനത്തിലുള്ള 400ഓളം തെങ്ങുകളാണ് ഇവിടെ വളരുന്നത്. ജയ്‌സിങിനു പുറമേ ബന്ധുക്കളായ രണ്ടു പേരാണ് കൃഷിയില്‍ സഹായിക്കുന്നത്. ഒഴിവു സമയങ്ങളിലാണ് ജയ്‌സിങ് കൃഷിയില്‍ ഏര്‍പ്പെടുന്നത്. 1983 ലും 1993 ലും 2003ലും ജയ്‌സിങിനെ തേടിയെത്തിയ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ക്ഷീര കര്‍ഷകനുള്ള അംഗീകാരം ജയ്‌സിംഗിന്റെ കാര്‍ഷിക ജീവിതത്തിനു പ്രോത്സാഹനമായി.
പച്ചവിരിച്ച് കിടക്കുന്ന നെല്‍പ്പാടങ്ങള്‍ക്ക് നടുവിലുള്ള തെങ്ങിന്‍തോപ്പ് ഗൃഹാതുരുത്വമുണര്‍ത്തുന്ന കാഴ്ച കൂടിയാണ് നല്‍കുന്നത്.
നാടിന്റെ കര്‍ഷകന്‍ എന്ന ലേബലിനപ്പുറം നാടറിയുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് ജയ്‌സിങ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലേക്കുള്ള രംഗപ്രവേശം. അക്കാലത്ത് എസ്.എഫ്.ഐ കുന്നംകുളം ഏരിയ പ്രസിഡന്റ് ആയിരുന്നു. 1990ല്‍ സി.എം.പി യുടെ കുന്നംകുളം ഏരിയ സെക്രട്ടറി സ്ഥാനവും വഹിച്ചു. നിലവില്‍ സി.എം.പിയുടെ ജില്ല ജോയിന്റ് സെക്രട്ടറിയും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. 2010 ലാണ് 18 ആം വാര്‍ഡില്‍ നിന്ന് വിജയിച്ചു കുന്നംകുളം നഗരസഭയിലെത്തുന്നത്. നഗരസഭയുടെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ നഗരസഭയിലെ 24 ആം വാര്‍ഡ് കൗണ്‍സിലര്‍ ആണ്.
തിരക്കേറിയ പൊതു പ്രവര്‍ത്തനത്തിനിടയിലും കാര്‍ഷികമേഖലയില്‍ തന്റെതായ അധ്യായങ്ങള്‍ രചിക്കുകയാണ് ജയ്‌സിങ്. ക്ഷീര കാര്‍ഷിക രംഗത്തും നെല്‍ക്കൃഷിയിലും നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാണ് ജയ്‌സിങ് മുന്നോട്ടു പോകുന്നത്. കൃഷി ഓഫിസര്‍മാരും മറ്റുള്ളവരും തനിക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അനുഭവസമ്പത്താണ് തന്റെ ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് ജയ്‌സിങ് പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."