വിസ, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക്; ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചു
ദോഹ: ഇന്ത്യന്‍ എംബസിയുടെ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, അഫിഡവിറ്റ് സേവനങ്ങള്‍ പുറം കരാര്‍ നല്‍കുന്നതിന് തല്‍പ്പരരായ സ്വകാര്യ കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചു. സേവനങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഈ മേഖലയില്‍ പരിചയ സമ്പത്തും യോഗ്യതയുമുള്ള കമ്പനികളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് കമ്പനികളെ സേവനം ഏല്‍പ്പിക്കുകയെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിസ അപേക്ഷകള്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയത് എടുക്കല്‍, മറ്റു കോണ്‍സുലാര്‍ അനുബന്ധ സര്‍വീസുകള്‍ എന്നിവയാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക.
രാജ്യത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് സ്വകാര്യ കേന്ദ്രം കലക്ഷന്‍ കൗണ്ടറുകള്‍ തുറക്കുകയെന്ന് നേരത്തേ അംബാസിഡിര്‍ പി കുമാരന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇപ്പോള്‍ സേവനം നല്‍കി വരുന്ന ഐ.സി.സി കേന്ദ്രം തുടരുന്ന കാര്യം കരാര്‍ കമ്പനിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികതമായും വാണിജ്യപരമായും യോഗ്യത നേടുന്ന കമ്പനിയുമായാണ് കരാര്‍ ഉണ്ടാക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു. വിഷയത്തില്‍ അന്തിമ തീര്‍പ്പ് ഇന്ത്യന്‍ എംബസിയുടേതായിരിക്കുമെന്നും അറിയിപ്പുണ്ട്.
പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളുടെ കലക്ഷന്‍ ഡെലിവറി സേവനം പുറം കരാര്‍ നല്‍കുന്ന രീതി ഇതര ഗള്‍ഫ് നാടുകളില്‍ നേരത്തേ നിലവിലുണ്ട്. ആദ്യം യു.എ.ഇയില്‍ നിലവില്‍ വന്ന സമ്പ്രദായം പിന്നീട് മറ്റു ഗള്‍ഫ് നാടുകളിലും വന്നു. സര്‍വീസ് ചാര്‍ജ് ഈടാക്കിയാണ് കമ്പനികള്‍ സേവനം നല്‍കുക. ഖത്തറിലെ സര്‍വീസ് നിരക്കു സംബന്ധിച്ച് അധികൃതര്‍ സൂചന നല്‍കിയിട്ടില്ല.
കുറഞ്ഞത് 10 റിയാല്‍ ഉണ്ടാകുമെന്നാണ് വിവരം. എംബസിയിലെ ജീവനക്കാരെ കുറയ്ക്കുന്നതിനും തിരക്കു കുറക്കുന്നതിനുമൊപ്പം പൊതുജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ സേവനം ലഭ്യമാക്കുക കൂടി സ്വകാര്യവല്‍ക്കരണം വഴി സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, തീരുമാനമെടുക്കാനുള്ള അതോറിറ്റി എംബസിയാണെന്നതിനാല്‍ നിര്‍ണായക സേവനങ്ങള്‍ക്ക് എംബസിയില്‍ നേരിട്ട് ഹാജരാകേണ്ടി വരും.
ദോഹയില്‍ അല്‍ഹിലാല്‍, സല്‍വ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്ന് അംബാസഡര്‍ പി കുമരന്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."