നോട്ട് നിരോധനം ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകളെയും ബാധിച്ചു
ദോഹ: ഇന്ത്യയില്‍ 500, 1000 നോട്ടുകള്‍ നിരോധിക്കുകയും പണമിടപാടിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തത് ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകളെയും ബാധിച്ചതായി റിപോര്‍ട്ട്. വെസ്റ്റേണ്‍ യൂണിയന്‍ വഴി പണം അയക്കുന്നവരാണ് പ്രയാസം നേരിടുന്നത്. വെസ്റ്റേണ്‍ യൂണിയന്‍ വഴി 50,000 രൂപയാണ് പരമാധി അയക്കാനാവുക. ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍, അയക്കുന്ന തുക ഇന്ത്യയിലെ സ്വീകര്‍ത്താവിന് എത്തിച്ചു നല്‍കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ബര്‍വ വില്ലേജിലെ ട്രസ്റ്റ് എക്‌സ്‌ചേഞ്ച് മാനേജര്‍ പ്രാദേശികപത്രമായ ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് മതിയായ അളവില്‍ നോട്ടുകള്‍ ലഭിക്കാത്തതാണ് പ്രശ്‌നം. പെട്ടെന്ന് പണം ലഭിക്കുന്നതിനായാണ് ആളുകള്‍ വെസ്റ്റേണ്‍ യൂണിയനെ ആശ്രയിക്കുന്നത്. നോട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ യുനിയന്‍ സ്ഥാപനങ്ങള്‍ ചെക്കായാണ് സ്വീകര്‍ത്താവിന് നല്‍കുന്നതെന്നും ബാങ്കില്‍ ഡപോസിറ്റ് ചെയ്ത് ഇത് മാറാമെന്നും ട്രസ്റ്റ് മാനേജര്‍ പറഞ്ഞു.
അതിനിടെ ഖത്തറിലെ ചില എക്‌സ്‌ചേഞ്ചുകള്‍ തങ്ങളുടെ വെസ്‌റ്റേണ്‍ യൂണിയന്‍ കൗണ്ടര്‍ വഴി ഇന്ത്യയിലേക്ക് പണം അയച്ചവര്‍ക്ക് ഖത്തര്‍ റിയാല്‍ തിരികെ നല്‍കി. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും നാട്ടില്‍ പണം ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
നാട്ടില്‍ മകളുടെ അടിയന്തിര ചികില്‍സയ്ക്കായി പണം അയക്കുന്നതിനായി താന്‍ വെസ്റ്റേണ്‍ യൂനിയന്‍ സന്ദര്‍ശിച്ചപ്പോള്‍, ഇന്ത്യയില്‍ പണം പെട്ടന്ന് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാമെന്നും നിശ്ചയിച്ച സമയത്ത് പണം സ്വീകര്‍ത്താവിന് എത്തിക്കാനാവുമെന്ന് തങ്ങള്‍ക്ക് ഉറപ്പില്ലെന്നുമാണ് ജീവനക്കാര്‍ തന്നെ അറിയിച്ചതെന്ന് അല്‍ഖോറിലെ മുഹമ്മദ് കുസ്താര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഒറ്റയടിക്ക് നോട്ട് നിരോധിച്ചത് മൂലം രാജ്യത്തുള്ളവരും പ്രവാസികളും ഒരു പോലെ ബുദ്ധിമുട്ടിലായെന്നും പണമയക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരായതിനാല്‍ മണി എക്‌സ്‌ചേഞ്ച് വ്യാപാരത്തെയും നോട്ട് നിരോധനം ബാധിച്ചതായും ട്രസ്റ്റ് എക്‌സചേഞ്ച് മാനേജര്‍ പറഞ്ഞു. ഖത്തറിലെ ഇന്ധന പ്രതിസന്ധിയും മറ്റും കാരണം പ്രവാസികള്‍ പണമയക്കുന്നത് കഴിഞ്ഞ ഏതാനും മാസങ്ങളായി കുറഞ്ഞിട്ടുണ്ടെന്നും ഇന്ത്യയിലെ നോട്ട് നിരോധനവും കൂടി വന്നതോടെ ഇരട്ടി പ്രഹരമായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."