ഫൈസല്‍വധം: ആറുപേര്‍ കസ്റ്റഡിയില്‍
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ്‌നഗര്‍ പുല്ലാണി ഫൈസല്‍ (30) കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്ര ഹിന്ദു സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ഇതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
സംഭവം നടന്നയുടനെതന്നെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പൂര്‍ണ വിവരങ്ങളും സമീപത്തെ കടകളില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചിരുന്നു. ഫൈസല്‍ വീട്ടില്‍നിന്നും താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന കൃത്യവിവരം നല്‍കിയ ആളെയാണ് പൊലിസ് തേടുന്നത്. കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ ഈ വിവരം അറിയാമായിരുന്നുള്ളൂ എന്നാണ് പൊലിസിന്റെ ഉറച്ച വിശ്വാസം. ഇസ്‌ലാംമതം സ്വീകരിച്ചതിനാല്‍ ഫൈസലിന് ചിലബന്ധുക്കളില്‍നിന്നും വധഭീഷണിയുണ്ടായിരുന്നു എന്ന് മറ്റുബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെയടക്കം ഏതാനുംപേരെ ശനിയാഴ്ച രാത്രിതന്നെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഉടന്‍തന്നെ പ്രതികള്‍ വലയിലാവുമെന്ന് പൊലിസ് പറഞ്ഞു.
അതേസമയം സ്‌പെഷ്യല്‍ബ്രാഞ്ച് പൊലിസിന്റെ വീഴ്ചയാണ് ഈ അനിഷ്ടസംഭവത്തിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തനിക്ക് വധഭീഷണിയുള്ളതായി ഫൈസല്‍ ബന്ധുക്കളോടും നാട്ടിലെ സുഹൃത്തുക്കളോടും നേരത്തേ സൂചിപ്പിച്ചിരുന്നുവത്രേ.
എന്നാല്‍ രഹസ്യാന്വേഷണവിഭാഗം മാസങ്ങളായി നാട്ടില്‍ പരസ്യമായ വിഷയം ഗൗരവമായെടുക്കുകയോ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുകയോ ചെയ്തില്ല എന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഈയിടെ ഇസ്‌ലാംമതം സ്വീകരിച്ച ഫൈസില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."