സൂക്ഷിക്കുക കാല്‍നടയാത്ര കാനയിലേക്കാകാതെ
കൊച്ചി: നഗരത്തിലെ കാല്‍ നടക്കാര്‍ പേടിച്ച് പേടിച്ചാണ് ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്.റോഡിന്റെ ഇരുവശത്തമുള്ള കാനകള്‍ക്കു മുകളിലൂടെയുള്ള യാത്ര അത്രസുരക്ഷിതമല്ലെന്നറിയാം. എന്നാലും ഇളകിയാടുന്ന സ്ലാബുകള്‍ക്കുമുകളിലൂടെ നടന്നുനീങ്ങിയല്ലേ പറ്റൂ. സ്ലാബില്‍ നിന്ന് ഇറങ്ങി റോഡരുകിലൂടെ നീങ്ങാമെന്നുകരുതിയാല്‍ റോഡ് നിറഞ്ഞൊഴുകി നീങ്ങുന്ന വാഹനങ്ങളുടെ തിരക്ക് അതിനും അനുവദിക്കുന്നില്ല. എം.ജി റോഡ്, പ്രസ് ക്ലബ്ബ് റോഡ്, കടവന്ത്ര,വൈറ്റില, കലൂര്‍ തുടങ്ങി നഗരത്തിലെ തിരക്കുള്ള നടപ്പാതകളിലെല്ലാം അപകടം പതിയിരിക്കുന്ന അവസ്ഥയാണ്.
സ്ലാബുകള്‍ മാറ്റി കാനകള്‍ വൃത്തിയാക്കുന്നവര്‍ ശരിയായ രീതിയില്‍ അവ പുന:സ്ഥാപിക്കാത്തതാണു കാനകള്‍ക്കു മുകളിലെ സ്ലാബുകള്‍ ഇളകിയാടാന്‍ കാരണം.സ്ലാബുകള്‍ ഇളക്കിമാറ്റിയാല്‍ ഇരുവശങ്ങളിലും സിമന്റുപയോഗിച്ച് അതുതിരികെ ഉറപ്പിക്കണമെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ മാന്വലില്‍ പറയുന്നത്.എന്നാല്‍ ഇപ്രകാരം വേണ്ടത്രസുരക്ഷിതമായ രീതിയിലല്ല ഇളക്കി മാറ്റുന്ന സ്ലാബുകള്‍ വീണ്ടും ഘടിപ്പിക്കുന്നത്.
കാനകളില്‍ വീണുകിടക്കുന്ന ചപ്പുചവറുകള്‍ കോരിയെടുത്തശേഷം സ്ലാബുകള്‍ ഒരു ഉറപ്പുമില്ലാതെ കാനകള്‍ക്ക് മുകളില്‍ വെക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.കോരിയെടുക്കുന്ന ചപ്പുചവറുകളാകട്ടെ നടപ്പാതയില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം ഇളക്കിമാറ്റിയ സ്ലാബുകള്‍ കാനയിലേക്ക് മറിഞ്ഞുവീണുകിടക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുകയാണ്.രാത്രികാലങ്ങളില്‍ ഇതിലൂടെ നടക്കുന്നവര്‍ മൈബൈലിലെ ടോര്‍ച്ച് അടിച്ചുനോക്കിയാണ് നടക്കുന്നത്.
മഴപെയ്താല്‍ പിന്നെ കാല്‍നടയാത്രക്കാരുടെ യാത്ര ഏറെ ദുരിതത്തിലാണ്. മുകളില്‍ സ്ലാബുകളില്ലാത്ത കാനകള്‍ നിറഞ്ഞൊഴുകുന്നതിനാലാണ് ഇവിടെ അപകടം പതിയിരിക്കുന്നത്.അറിയാതെ കാലെടുത്തുവയ്ക്കുന്നത് കാനയിലേക്കായിരിക്കും.റവന്യൂ ജില്ലാ കായിക മേള ഉള്‍പ്പെടെ നിരവധി കായിക മാമാങ്കത്തിന് വേദിയാകുന്ന എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ പിന്‍വശത്തെ കവാടത്തോട് ചേര്‍ന്ന് 100 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കിടക്കുന്ന നടപ്പാതയാണ് ഏറെ പരിതാപകരം.നാല് സ്ലാബുകളാണ് ഇവിടെ മറിഞ്ഞ് പകുതി കാനയിലേക്ക് വീണിരിക്കുന്നത്.ഇവിടെയുള്ള മുഴുവന്‍ സ്ലാബുകളും 'ഡാന്‍സിങ്ങ് സ്ലാബുക'ളാണെന്നു തന്നെ പറയാം. കടുത്ത ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ബൈക്കുകള്‍ സ്ലാബുകളിലൂടെ ഓടിച്ചുപോകുന്നതാണു സ്ലാബുകള്‍ ഇപ്രകാരം ഇളകിയാടാന്‍ കാരണം. നടപ്പാതകളിലൂടെയുള്ള ബൈക്കുകളുടെ ഇപ്രകാരമുള്ള പറക്കല്‍ കാല്‍നടയാത്രക്കാരിലും ഭീതി സൃഷ്ടിക്കുന്നുണ്ട്.
വഴിമാറിക്കൊടുക്കാന്‍ ഇടമില്ലാതെ പലപ്പോഴും ഇവര്‍ വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ റോഡിലേക്ക് ഇറങ്ങുകയാണ് പതിവ്. അതിനിടെ കാനകള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്ന സ്ലാബുകളുടെ നിര്‍മാണത്തെപ്പറ്റിയും പരാതി ഉയര്‍ന്നിട്ടുണ്ട്. പലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനചടങ്ങില്‍ സംസാരിക്കവെ സ്ലാബുകളുടെ കനം കുറച്ച് നിര്‍മിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടിരുന്നു.പൊതുമരാമത്ത് വകുപ്പിന്റെ മാന്വല്‍ പരിഷ്‌കരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക രീതികള്‍ അവലംബിക്കണമെന്നായിരുന്നു മേയറുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."