പലിശരഹിത ബാങ്കിനെ അനുകൂലിച്ച് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് റിസര്‍വ് ബാങ്ക്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് എഴുതിയ കത്തിലാണ് പലിശരഹിത സംവിധാനമുള്ള ഇസ്‌ലാമിക് ബാങ്കിങ് ഘട്ടംഘട്ടമായി രാജ്യത്ത് നടപ്പാക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ നിലവിലുള്ള ബാങ്കുകളില്‍ 'ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോ' തുറക്കാമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഓഗസ്റ്റില്‍ പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പലിശരഹിത ബാങ്കിങ്ങിന്റെ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാങ്കിങ് രംഗവുമായി അടുപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു. പലിശ മതവിരുദ്ധമാണെന്നു കരുതുന്നതിനാല്‍ സമൂഹത്തില്‍ ഒരു വിഭാഗം ഇപ്പോള്‍ ബാങ്കിങ് രംഗത്തുനിന്നു വിട്ടുനില്‍ക്കുന്നുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി പലിശരഹിത ബാങ്കിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇസ്‌ലാമിക് ബാങ്കിങ് രംഗം ഇന്ത്യയില്‍ അപരിചിതമായതിനാല്‍ ഘട്ടംഘട്ടമായി മാത്രമേ അത് നടപ്പാക്കാനാവൂ എന്ന് റിസര്‍വ് ബാങ്ക് പറയുന്നു.
നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം. ആദ്യഘട്ടമെന്ന നിലയില്‍ രാജ്യത്തെ പരമ്പരാഗത ബാങ്കുകളില്‍ ഉള്ളതിനു സമാനമായ കാര്യങ്ങള്‍ നടപ്പാക്കാം. ലാഭനഷ്ടങ്ങള്‍ വീതിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള ഇതിന്റെ മര്‍മപ്രധാനമായ ഭാഗങ്ങള്‍ വരുന്ന ഭാഗങ്ങള്‍ അടുത്തഘട്ടത്തില്‍ നടപ്പാക്കിയാല്‍ മതിയാകും.
ഇസ്‌ലാമിക് ബാങ്കിങ്ങിനെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന പണം സാധാരണ ബാങ്കിങ്ങിലൂടെ സ്വീകരിക്കുന്ന പണവുമായി കൂട്ടിക്കുഴയ്ക്കരുത്. സ്വത്ത്, ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നടപടികള്‍ വേണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."