പെട്രോളിയം ഡീലര്‍മാരും ജീവനക്കാരും ഇന്ന് ഐ.ഒ.സി ഇരുമ്പനം ടെര്‍മിനലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
കൊച്ചി: തുടര്‍ച്ചയായ തൊഴിലാളി സമരം മൂലം കേരളത്തിലെ ഐ.ഒ.സി പമ്പുകളില്‍ ഇന്ധനം ലഭിക്കാത്തതിനെതിരെ ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന്് പെട്രോളിയം ഡീലര്‍മാരും ഡീലര്‍ ടാങ്കറുകളുടെ ജീവനക്കാരും ഐ.ഒ.സി ഇരുമ്പനം ടെര്‍മിനലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്നും പ്രശ്‌നത്തില്‍ പരിഹാരമാകുന്നില്ലെങ്കില്‍ നാളെ സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്നും തോമസ് വൈദ്യന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ടാങ്കര്‍ ടെന്ററിന്റെ പേരില്‍ ടെര്‍മിനലില്‍ തുടര്‍ച്ചയായി സമരം നടത്തുന്നതുമൂലം ഐ.ഒ.സി പമ്പുകള്‍ നിരവധി ദിവസങ്ങള്‍ അടച്ചിടേണ്ടി വന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടര്‍ച്ചയായി ഒരാഴ്ചക്കാലം ഇന്ധനം ലഭിക്കാതെ കേരളത്തിലെ 900 ഐ.ഒ.സി പമ്പുകള്‍ അടച്ചിടേണ്ടി വന്നു.
പമ്പുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയ സമരം സംസ്ഥാന സര്‍ക്കാരുമായി ധാരണ ഉണ്ടാക്കി ഒരു മാസത്തെ നീട്ടിവയ്ക്കല്‍ നേടി അവസാനിപ്പിച്ചു. ടെന്റര്‍ ക്യാന്‍സല്‍ ചെയ്യാതെ റേറ്റില്‍ വ്യത്യാസം വരുത്താന്‍ സാധിക്കില്ലായെന്നറിയാവുന്ന സമരക്കാര്‍ സമയം നീട്ടിക്കിട്ടിയതിന്റെ ആഘോഷം നടത്താന്‍ വീണ്ടും ഒരു ദിവസം കൂടി ടെര്‍മിനലിലെ ഫില്ലിംങ് തടഞ്ഞു. ഫലത്തില്‍ പമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാവാന്‍ വീണ്ടും രണ്ടു ദിവസംകൂടി കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ കമ്പനി കഴിഞ്ഞ നവംബര്‍ മൂന്നിന് തന്നെ വീണ്ടും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. സമരക്കാര്‍ വീണ്ടും നവംബര്‍ 21 മുതല്‍ ടെര്‍മിനലില്‍ സമരത്തിന് നോട്ടീസ് കൊടുത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന ടെണ്ടറില്‍ കമ്പനിയില്‍ പ്രവേശിക്കാനായി ഡീലര്‍മാര്‍ വാങ്ങിയ അമ്പതോളം ടാങ്കറുകള്‍ കമ്പനിയുമായുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ലെറ്റര്‍ ഓഫ് ഇന്റന്റും വാങ്ങി ഒരു വര്‍ഷത്തിലേറെയായി ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ച് പുറത്തു നില്‍ക്കുന്നു. അവരെ സ്വന്തം പമ്പുകളിലേക്ക് പോലും ലോഡെടുക്കാന്‍ അനുവദിക്കാതെയാണ് സമരക്കാര്‍ സമയം നീട്ടി വയ്ക്കല്‍ സമരനാടകം കളിക്കുന്നതെന്നും തോമസ് വൈദ്യന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."