സിയാല്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നു
നെടുമ്പാശ്ശേരി: വ്യത്യസ്ഥമായ സേവന മേഖലകള്‍ നടപ്പാക്കി ശ്രദ്ധയാഘര്ഷിച്ചിട്ടുള്ള നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) സ്വന്തമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നു. ഇതിനായി വന്‍കിട ഓണ്‍ലൈന്‍ ടാക്സി ഓപ്പറേറ്റര്‍മാരുടെ മാതൃകയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
സിയാലിന്റെ കീഴില്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ടാക്സികളെ ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. 620 ഓളം ടാക്സികളാണു നിലവിന് സിയാലില്‍ സര്‍വീസ് നടത്തുന്നത്. വിമാനത്താവളത്തിനായി വീടും സ്ഥലവും വിട്ടു നല്‍കിയവര്‍ക്കാണ് ടാക്സി പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്സികളുടെ വരവോടു കൂടി സിയാലിലെ ടാക്സി സംവിധാനം വന്‍ വെല്ലുവിളി നേരിടുകയാണ്. ഇതേ തുടര്‍ന്നാണു സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കാന്‍ സിയാല്‍ തീരുമാനിച്ചത്.
വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടു പോകുന്നതിന് പുറമെ നിന്നും എത്തുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും വിമാനത്താവളത്തിലെ ടാക്സിക്കാരുമായി പല പ്രാവശ്യം പ്രശ്നങ്ങള്‍ ഉണ്ടാകുകയും നെടുമ്പാശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ ടാക്സികള്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നതിനെതിരെ വിവിധ യൂനിയനുകള്‍ ഹൈക്കോടതിയില്‍ ഹരജി നല്കിയിരിക്കുകയുമാണ്.
യാത്രക്കാരുടെ സുരക്ഷക്കായി നിലവില്‍ വിമാനത്താവളത്തിലെ മുഴുവന്‍ ടാക്സികളിലും ജി.പി.എസ് സംവിധാനം ഘടിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഓണ്‍ ടാക്സികളുടെ നിരക്കില്‍ ഇവര്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. സിയാല്‍ ടാക്സി ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതോടെ താരതമ്യേന കുറഞ്ഞ നിരക്കില്‍ വിമാനത്താവളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും യാത്രക്കാര്‍ക്ക് ടാക്സി സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു വിമാനത്താവളം സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."