വെടിനിര്‍ത്തല്‍ ഹൂതികള്‍ ലംഘിച്ചെന്ന് സഖ്യസേന
റിയാദ്: യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഹൂതികള്‍ ലംഘിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി വ്യക്തമാക്കി.
ഹൂതികള്‍ വിട്ടുവീഴ്ചയില്ലാതെ കടുത്ത ലംഘനം തുടരുകയാണ്. സഖ്യസേനക്ക് തിരിച്ചടിക്കാന്‍ കഴിയാഞ്ഞിട്ടല്ല. മാനുഷിക പരിഗണന നല്കി സഖ്യസേന വെടിനിര്‍ത്തല്‍ സമയം പൂര്‍ത്തിയാക്കാന്‍ കഠിനശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ 15 തവണ ലംഘനം നടന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമന്‍ സേനയുടെ വിവിധ കേന്ദ്രങ്ങളിലെ ആയുധപുരകള്ക്കുനേരെ ബോംബാക്രമണം നടന്നതായി സന്‍ആ നഗര പ്രതിരോധ വക്താവ് അബ്ദുല്ല അല്‍ ശന്ദഖിയും വ്യക്തമാക്കി.
തായിസ് നഗരിയില്‍ ഹൂതികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്ന് സിവിലിയന്മാര് കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വിഭാഗം പറഞ്ഞു. കൂടാതെ സഊദി അതിര്‍ത്തിയിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് നടത്തിയ ആക്രമണത്തില്‍ ഹാദി വിഭാഗത്തിലെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, വിമത സേനയായ ഹൂതികള്‍ 185 തവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി സഊദി ഭരണാധികാരി സല്മാന് രാജാവിനോട് ആവശ്യപ്പെട്ടതനുസരിച്ച് ശനിയാഴ്ച ഉച്ചമുതലാണ് 48 മണിക്കൂര്‍ നേരത്തേക്ക് സഖ്യസേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
യമന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ആറാമത്തെയും ഈ വര്‍ഷത്തെ മൂന്നാമത്തെയും വെടിനിര്‍ത്തലാണ് ഇന്നലെ നിലവില്‍വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."