പീഡന ശിക്ഷാവിധിയില്‍ ഇളവ്: തുര്‍ക്കിയില്‍ ബില്ലിനെതിരേ പ്രതിഷേധം
അങ്കാറ: തുര്‍ക്കിയില്‍ ലൈംഗിക പീഡന നിയമത്തില്‍ ഇളവ് വരുത്താനുള്ള ബില്ലിനെതിരേ വ്യാപക പ്രതിഷേധം. ബാലലൈംഗിക പീഡന നിയമത്തിലാണ് ശിക്ഷാഇളവു വരുത്താന്‍ തുര്‍ക്കി ആലോചിക്കുന്നത്. ഇതിനെതിരേ കുട്ടികളും സ്ത്രീകളും അടങ്ങുന്ന ആയിരങ്ങള്‍ രാജ്യത്ത് പ്രതിഷേധ റാലി നടത്തി. പുതിയ ബില്ല് ബാലവിവാഹം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ബലാത്സംഗം കൂടാന്‍ ഇടയാക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ബാലലൈംഗിക പീഡനത്തിലെ പ്രതികള്‍ ഇരകളെ വിവാഹം ചെയ്താല്‍ ശിക്ഷ റദ്ദാക്കുന്ന ബില്ലാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരേ അങ്കാറയിലും ഇസ്താംബൂളിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 3,000 പേര്‍ റാലിയില്‍ പങ്കെടുത്തുവെന്നാണ് പൊലിസ് കണക്ക്.
അതിനിടെ, ഭരണകക്ഷിയായ അക് പാര്‍ട്ടി ബില്ലിന് പിന്തുണ തേടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. നാളെ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിവിധ കോണുകളില്‍ നിന്ന് ബില്ലിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രതിപക്ഷ പിന്തുണ തേടിയത്. പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം ആണ് പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരികയെന്നാണ് ഭരണപക്ഷം പറയുന്നത്. ബലം പ്രയോഗിച്ചുള്ള പീഡനത്തിന് ശിക്ഷാ ഇളവുണ്ടാകില്ലെന്നും അക് പാര്‍ട്ടി പറഞ്ഞു. നിലവില്‍ 15 വയസ്സിനു താഴെയുള്ളവര്‍ പീഡനത്തിനിരയായാല്‍ പ്രതിക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തും.
നവംബര്‍ 16 ന് മുമ്പുണ്ടായ കേസുകളിലാണ് പുതിയ ബില്‍ ബാധകമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."