ഇന്ത്യക്ക് വിജയ പ്രതീക്ഷ
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷ. രണ്ടാമിന്നിങ്‌സില്‍ 204 റണ്‍സിനു പുറത്തായ ഇന്ത്യ 405 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്. വിജയം തേടി രണ്ടാമിന്നിങ്‌സ് തുടങ്ങിയ സന്ദര്‍ശകര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയില്‍. അവസാന ദിനമായ ഇന്നു എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ 318 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 455 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 255 റണ്‍സില്‍ അവസാനിച്ചിരുന്നു.
405 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് കടുത്ത പ്രതിരോധം തീര്‍ത്താണ് ബാറ്റു വീശിയത്. 59.2 ഓവറില്‍ നിന്നാണ് അവര്‍ 87 റണ്‍സ് നേടിയത്. അലിസ്റ്റര്‍ കുക്ക് (188 പന്തില്‍ 54), ഹസീബ് ഹമീദ് (144 പന്തില്‍ 25) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഇരുവരും ചേര്‍ന്ന് ഓപണിങ് വിക്കറ്റില്‍ 50.2 ഓവറില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്നലെ ആദ്യം പുറത്തായത് ഹമീദായിരുന്നു.
താരത്തെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 59ാം ഓവറിന്റെ രണ്ടാം പന്തില്‍ കുക്കിനെ ജഡേജയും വിക്കറ്റിനു മുന്നില്‍ കുടുക്കിയതിനു പിന്നാലെ നാലാം ദിനത്തിലെ കളി അവസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ അഞ്ചു റണ്‍സുമായി ജോ റൂട്ട് ക്രീസിലുണ്ട്. റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയും.
നേരത്തെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യ 204 റണ്‍സിനു പുറത്തായി. 81 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് മികച്ച വിജയ ലക്ഷ്യം നേടാന്‍ ഇന്ത്യയെ സഹായിച്ചത്. നാലാം ദിനത്തില്‍ ഇന്ത്യക്ക് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 117ല്‍ നില്‍ക്കെ 26 റണ്‍സുമായി രഹാനെ മടങ്ങി.
ബ്രോഡിന്റെ പന്തില്‍ കുക്ക് പിടിച്ചാണ് രഹാനെ പുറത്തായത്. പിന്നാലെയെത്തിയ അശ്വിന്‍, സാഹ, ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാന്‍ സാധിച്ചതുമില്ല. അവസാന വിക്കറ്റില്‍ ജയന്ത് യാദവും മുഹമ്മദ് ഷമിയും നടത്തിയ ചെറുത്തുനില്‍പാണ് സ്‌കോര്‍ 200 കടത്തിയത്. ജയന്ത് യാദവ് 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷമി 19 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ആദില്‍ റഷീദും നാലു വിക്കറ്റ് വീതം വീഴ്ത്തി. ആന്‍ഡേഴ്‌സന്‍, മോയിന്‍ അലി എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."