ജില്ലയില്‍ വെള്ളീച്ച ആക്രമണം വ്യാപിക്കുന്നു
വടക്കഞ്ചേരി: വെള്ളീച്ച ആക്രമണത്തില്‍ തെങ്ങുകള്‍ കൂട്ടത്തോടെ നശിക്കുമ്പോഴും കീടബാധയ്‌ക്കെതിരേ പ്രായോഗിക പ്രതിവിധികള്‍ കണ്ടെത്താനാകാതെ കൃഷിവകുപ്പ് ഇരുട്ടില്‍ തപ്പുന്നു. വെര്‍ട്ടിസീലിയം എന്ന ജൈവകീടനാശിനി പ്രയോഗം ഫലപ്രദമാണെന്ന കൃഷിവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തൈതെങ്ങുകളില്‍ ഇത് തളിച്ചെങ്കിലും രോഗത്തിനു ശമനമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വലിയ തെങ്ങുകളില്‍ കയറി മരുന്നുതളിക്കുന്നത് പ്രായോഗികമല്ല. തെങ്ങോലയുടെ അടിയിലാണ് വെള്ളീച്ച വാസം ഉറപ്പിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇവ പെരുകി തെങ്ങില്‍ നിറയും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രദേശത്ത് മുഴുവന്‍ രോഗം വ്യാപിക്കുകയാണ്. തെങ്ങിന്‍പറമ്പുകളില്‍ മറ്റു ഭക്ഷ്യവിളകളും കുടിവെള്ള സ്രോതസുകളുമുള്ളതിനാല്‍ രോഗത്തിന് രാസകീടനാശിനി അനുവദനീയമല്ല.
വടക്കഞ്ചേരി, കിഴക്കഞ്ചേരി എന്നീ രണ്ടു പഞ്ചായത്തുകളില്‍ മാത്രം പതിനായിരത്തോളം തെങ്ങുകളില്‍ രോഗബാധയുണ്ടെന്നാണ് കണക്ക്. രോഗം മൂര്‍ഛിച്ച് തെങ്ങിന്‍പട്ടകള്‍ പഴുത്ത് ഉണങ്ങുന്ന ഗുരുതരാവസ്ഥയിലാണിപ്പോള്‍. തെങ്ങിന്‍പട്ടകളെല്ലാം കരിഓയില്‍ ഒഴിച്ച മട്ടില്‍ കറുത്തിരിക്കുന്നതാണ് രോഗത്തിന്റെ പ്രകടമായ ലക്ഷണം. തെങ്ങുകള്‍ക്ക് താഴെ വളരുന്ന വാഴയിലും മറ്റും ഈ കറുത്തനിറം വരുന്നതായി കര്‍ഷകര്‍ പറയുന്നു. തെങ്ങുകള്‍ കൂട്ടത്തോടെ ഉണങ്ങി നശിക്കുമ്പോഴും കാര്‍ഷിക സര്‍വകലാശാലയും തെങ്ങു ഗവേഷകരുമെല്ലാം മൗനത്തിലാണ്.
നല്ല മഴകിട്ടിയാല്‍ രോഗം സ്വയം ഇല്ലാതാകുമെന്നു പറയുന്നതെങ്കിലും കാറ്റു തുടങ്ങിയതിനാല്‍ ഇനി മഴ പെയ്യുമെന്ന് പ്രതീക്ഷിക്കാനാകില്ല. അടുത്ത മഴക്കാലം എത്തും മുന്‍പേ തെങ്ങുകളെല്ലാം നശിക്കുകയും ചെയ്യും. രോഗത്തെ തുടര്‍ന്ന് നാളികേരത്തിന്റെ ഉല്‍പാദനവും കുറഞ്ഞു. കിട്ടുന്ന നാളികേരത്തിനു വിലയില്ലാത്തതും നാളികേരം വാങ്ങാന്‍ ആളില്ലാത്തതും കേരകര്‍ഷകരുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുകയാണ്. കൃഷിഭവന്‍ വഴിയുള്ള നാളികേര സംഭരണവും തോന്നും മട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."