ഉപ്പ് വെള്ളം കയറിയെന്നത് കള്ളപ്രചരണമെന്ന്
മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കരിങ്ങാച്ചിറ ചാലില്‍ ഉപ്പുവെള്ളം കയറിയെന്ന് കള്ളപ്രചരണം നടത്തിയവര്‍ കൃഷിക്കാരോട് മാപ്പ് പറയണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കരിങ്ങാച്ചിറയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനായുള്ള ബണ്ട് ഇത്തവണ നേരത്തെ തന്നെ കെട്ടാന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ 15 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈവര്‍ഷം സെപ്റ്റംബര്‍ 23ന് കൃഷിക്കാരുടെ മീറ്റിങ് കൂടി ഗുണഭോക്തൃ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്ത് ബണ്ട് നിര്‍മ്മാണം ആരംഭിച്ച് ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചത്.
എന്നാല്‍, ചിലയാളുകള്‍ നടത്തിയ തെറ്റായ പ്രചാരണം കൃഷിക്കാരില്‍ വലിയ ആശങ്കയുണ്ടാക്കി. പുത്തന്‍ചിറ പഞ്ചായത്തിലും മാധ്യമങ്ങളിലും ചാനലുകളിലും നിരന്തരമായി തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ കൊടുത്തത് സി.പി.എം മാത്രമാണ്. തികച്ചും രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കരിങ്ങാച്ചിറ ചാലിനോട് ബന്ധപ്പെട്ട ഭാഗത്തെ മണ്ണും വെള്ളവും ഇപ്പോള്‍ ടെസ്റ്റ് ചെയ്തതിന്റെ റിസല്‍റ്റ് വന്നിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ ആധികാരികമായി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉപ്പ് വെള്ളം കയറിയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാരെ തെറ്റിദ്ധരിപ്പിച്ചതിനും എല്‍.ഡി.എഫ് അഭ്യര്‍ത്ഥന പോലും തള്ളിക്കളഞ്ഞ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനും സി.പി.എം കൃഷിക്കാരോട് മാപ്പ് പറയേണ്ടതുണ്ട്.
സി.പി.എം സമരംമൂലം പുത്തന്‍ചിറ, മാള, വേളൂക്കര എന്നീ മൂന്ന് പഞ്ചായത്തുകളിലെ കര്‍ഷകര്‍ ഇപ്പോള്‍ കൃഷിയിറക്കുവാന്‍ വിമുഖത കാണിക്കുകയാണ്. ഹരിതകേരളം പദ്ധതിയെ തന്നെ ഈ ദുഷ്പ്രചാരണങ്ങള്‍ താറുമാറാക്കിയതായും പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുജിത് ലാല്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."