രക്തദാനം കൊണ്ട് മാതൃകയായി ഒരു വിവാഹം
അരിമ്പൂര്‍: അരിമ്പൂര്‍ സ്വദേശിയായ എറവൂകാരന്‍ ജോസിന്റെ മകന്‍ ഷിനോജിന്റെയും ഒല്ലൂര്‍ അവിണിശ്ശേരി സ്വദേശിനി തട്ടിലില്‍ ഇമ്പാവൂവീട്ടില്‍ ഫ്രാന്‍സീസ് മകള്‍ ലൈജിയുടെയും വിവാഹമാണ് രക്തദാനം കൊണ്ട് മാതൃകയായത്. അരണാട്ടുകര പോസ്റ്റല്‍ ഡിവിഷനിലെ ജീവനക്കാരനായ ഷിനോജ് തൃശൂര്‍ ഐ.എം.എയിലെ സജീവ പ്രവര്‍ത്തകനാണ്. ഞായറാഴ്ച അരിമ്പൂരിലെ ഗുരുദേവ ഓഡിറ്റോറിയത്തിലാണ് മാതൃകാ വിവാഹം നടന്നത്. പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ ഷിനോജിന്റെ പ്രവര്‍ത്തനത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 30 സുഹൃത്തുക്കളും രക്തം നല്‍കി. മുന്നേവിവരം നല്‍കിയിരുന്നതിനാല്‍ ഐ.എം.എ ബ്ലഡ്ബാങ്കില്‍ നിന്ന് എല്ലാ സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയുമാണ് അധികൃതരെത്തിയത്. പള്ളിയില്‍ നിന്ന് കെട്ട് കഴിഞ്ഞെത്തിയ വധു വരന്മാര്‍ വിവാഹമണ്ഡപത്തിലേക്ക് കയറും മുമ്പേ കല്യാണമണ്ഡപത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഐ.എം.എയുടെ ആധുനീക രീതിയിലുള്ള വാഹനത്തിലേക്കാണ് കയറിയത്.
ബന്ധുക്കളും നാട്ടുക്കാരും വാഹനത്തിന് പുറത്ത് ഈ അപൂര്‍വ്വ രക്തദാനത്തിന് സാക്ഷികളായി. എ പോസറ്റീവ് രക്തം ആവശ്യം വന്നാല്‍ അരിമ്പൂര്‍ക്കാര്‍ ആദ്യം ഓര്‍ക്കുക ഷിനോജിനെയാണ്.
മുപ്പതുകാരനായ ഈ യുവാവ് ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിന് ഐ.എം.എ യുടെ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."