ഒഴിവ് ദിനങ്ങളില്‍ മുണ്ടകന്‍ വിളയിക്കാന്‍ കുട്ടിക്കര്‍ഷകര്‍
കോട്ടക്കല്‍: വാളക്കുളം കെ.എച്ച്.എം ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെ ഞായര്‍ നെല്‍കൃഷിക്ക് (സണ്‍ഡേ ഫാമിങ്) വാളക്കുളം പാടത്ത് തുടക്കമായി. നാട്ടിലെ പാടശേഖരം തരിശിടാതെ കൃഷിയോഗ്യമാക്കി പുതുതലമുറയെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉണ്ണണമെങ്കില്‍ മണ്ണിലിറങ്ങൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്കൂളിലെ ദേശീയ ഹരിതസേന അംഗങ്ങളാണ് രണ്ടേക്കര്‍ പാടശേഖരത്തില്‍ മുണ്ടകന്‍ കൃഷിയിറക്കുന്നത്.
തെന്നല കൃഷി ഓഫിസറുടെയും പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകരുടെയും മേല്‍നോട്ടത്തില്‍ തുടക്കംകുറിച്ച കൃഷിയില്‍ 'ഉമ' നെല്ലിനമാണ് ഉപയോഗിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പാണ് ആവശ്യമായ വിത്തും വളവും ലഭ്യമാക്കിയത്. 160 അംഗങ്ങളുള്ള ഹരിതസേനയിലെ 40 പേര് വീതമാണ് ഞായറാഴ്ചകളില്‍ 8 മുതല്‍ ഉച്ചക്ക് 1 വരെ കൃഷിപ്പണിയില്‍ മുഴുകുന്നത്. ഞായര്‍ കൃഷിയിലൂടെ കഴിഞ്ഞ വര്‍ഷം വിളയിച്ച നെല്ല് 'കതിര്‍മണി' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രാദേശിക വിപണിയിലിറക്കിയിരുന്നു.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ആണ് സ്കൂളില്‍വെച്ച് വിദ്യാര്‍ഥികളുടെ സ്വന്തം 'ബ്രാന്റ് ' തീന്‍മേശയിലെത്തിച്ചത്. ഈ വര്‍ഷത്തെ ഞാറു നടല്‍ പരിപാടി തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം സുഹൈല്‍ അത്താണിക്കല്‍, ഹരിതസേന കോഡിനേറ്റര്‍ കെ.പി ഷാനിയാസ്, വി ഇസ്ഹാഖ്, ഇ.കെ ആത്തിഫ്, ടി മുഹമ്മദ്, റമീസ് കെ, ആബിദ് എടക്കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."