ശബരിമല ക്ഷേത്രം ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം'
പത്തനംതിട്ട: ഐതീഹ്യത്തിന്റെ പിന്‍ബലത്തില്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുവരെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ക്ഷേത്രത്തിന്റെ പേര് ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിലൂടെയാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്.
ബോര്‍ഡിന്റെ കീഴില്‍ നിരവധി ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം ദേവസ്വം ബോര്‍ഡ് നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പേരു മാറ്റുന്നതിന് സര്‍ക്കാര്‍ അനുമതി തേടിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. സ്ത്രീപ്രവേശനത്തെ തടയാനുള്ള ബോര്‍ഡിന്റെ ചുവടുവയ്പ്പായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. ലോകത്തെ എല്ലാ ധര്‍മ്മശാസ്താ ക്ഷേത്രങ്ങളിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. ഇതു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിനു വേണ്ടി വാദിച്ചാല്‍ ആചാരത്തിന്റെ പേരില്‍ ബോര്‍ഡ് പിന്നോക്കം പോകും. ഇപ്പോള്‍ തുടര്‍ന്നു വരുന്ന ആചാരം പ്രതിഷ്ഠാ സംബന്ധമാണെന്നിരിക്കേ പേരുമാറ്റത്തിലൂടെ കേസില്‍ മേല്‍ക്കൈ നേടാമെന്ന ധാരണയാണ് ബോര്‍ഡിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയതിന് സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."