സംസ്ഥാന നേതൃത്വത്തിനെതിരേ കേന്ദ്രകമ്മിറ്റിക്ക് ഇ.പി ജയരാജന്റെ പരാതി
കണ്ണൂര്‍: താന്‍ രാജിവച്ച ഒഴിവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം മണിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ച സംസ്ഥാന സമിതിയുടെ നടപടിക്കെതിരേ ഇ.പി ജയരാജന്‍ കേന്ദ്രകമ്മിറ്റിക്കു പരാതി നല്‍കി.
തന്നെ അഴിമതിക്കാരനാക്കി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ വിവിധ കോണുകളില്‍ നിന്നും പാര്‍ട്ടിയിലെ ചിലരും ശ്രമം നടത്തിയതായി ഇ.പി ഇന്നലെ കേന്ദ്രകമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
വ്യവസായ മന്ത്രി എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനം ചില ഉന്നതര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇവര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തനിക്കെതിരേ വന്‍ പ്രചാരണം നടത്തുകയായിരുന്നു.
പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളും ഇതില്‍ വീണുപോയതായും ഇതിന്റെ ഭാഗമായാണു തന്നെ മന്ത്രി സ്ഥാനത്തു നിന്നു നീക്കാന്‍ തീരുമാനിച്ചതെന്നു കരുതുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.
വ്യവസായ വകുപ്പിലെ ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വരാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെയാണു എം.എം മണിയെ മന്ത്രിയാക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതോടെ തനിക്കു ജനങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം നഷ്ടപ്പെട്ടു. മണിയെ മന്ത്രിയാക്കുന്ന കാര്യം മുഖ്യമന്ത്രിയോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ താനുമായി കൂടിയാലോചിച്ചില്ല.
തന്റെ കാര്യം വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം അവസരം തന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയ ജയരാജന്‍, തന്റെ കാലത്തെ ബന്ധു നിയമനങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും കേന്ദ്രകമ്മിറ്റിക്കു സമര്‍പ്പിച്ചതായാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."