സോളാര്‍: ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ നേരിട്ട് ഹാജരാകണം
ബംഗളൂരു/തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നേരിട്ട് ഹാജരായി തെളിവുകള്‍ നല്‍കാന്‍ ബംഗളൂരു അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് ജഡ്ജി എം.ആര്‍.ചെന്നകേശവ ഉത്തരവിട്ടു. കേസില്‍ പങ്കില്ലെന്നതിനു തെളിവുണ്ടെങ്കില്‍ ഡിസംബര്‍ 13ന് നേരിട്ടു ഹാജരായി തെളിവു നല്‍കണം.
സോളാര്‍കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഉത്തരവ്. വിധി നടപ്പാക്കാന്‍ ജനുവരി 26 വരെ സമയമുള്ളതിനാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ തന്റെ വാദം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബംഗളൂരുവിലെ മലയാളി വ്യവസായി എം.കെ.കുരുവിള നല്‍കിയ പരാതിയിലാണ് കോടതി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറുപേരെ ശിക്ഷിച്ചത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നായിരുന്നു കേസ്. പ്രതികള്‍ 1.61 കോടിയോളം രൂപ 12 ശതമാനം പലിശയോടെ പരാതിക്കാരനു നല്‍കണമെന്നും ഒക്ടോബര്‍ 24ന് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.
കേസില്‍ ഉമ്മന്‍ചാണ്ടി അഞ്ചാം പ്രതിയാണ്. സ്‌കോസ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് ആണ് കേസിലെ ഒന്നാംപ്രതി. കമ്പനി എം.ഡി ബിനു നായര്‍, ആന്‍ഡ്രൂസ്, ദില്‍ജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ ഇരുകൂട്ടരുടേയും വാദം കഴിഞ്ഞ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നോട് കോടതിയില്‍ ഹാജരാവാന്‍ പറഞ്ഞത് കോടതിയുടെ നടപടിക്രമം മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ട്. നിരപരാധിത്തം തെളിയിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ മൊഴി
തന്റേതല്ലെന്ന് കിന്‍ഫ്ര പാര്‍ക്ക് മാനേജര്‍
കൊച്ചി: സോളാര്‍ കേസുകളിലൊന്നായ മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ തന്റേതെന്ന പേരില്‍ കോടതിയില്‍ ഹാജരാക്കിയ മൊഴി താന്‍ പറഞ്ഞതല്ലെന്ന് പാലക്കാട് കിന്‍ഫ്ര പാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.അനില്‍കുമാര്‍.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ആര്‍ പ്രസന്നന്‍നായരാണ് താന്‍ പറയാത്ത മൊഴി കോടതിയില്‍ ഹാജരാക്കിയതെന്നും അനില്‍കുമാര്‍ സോളാര്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി. പാലക്കാട് കിന്‍ഫ്ര പാര്‍ക്കിന്റെ മുഴുവന്‍ ഭരണാധികാരവും തനിക്കാണ്. പാര്‍ക്കിന്റെ ലേ ഔട്ടിന്റെ ഉള്‍പ്പെടെ രേഖകള്‍ തന്റെ കൈവശമാണുള്ളത്.
ലേ ഔട്ടിന്റെ പകര്‍പ്പ് ആര്‍ക്കെങ്കിലും നല്‍കിയാല്‍ അതില്‍ ഓഫിസ് സീല്‍ പതിപ്പിച്ചിട്ടുണ്ടാകും. അക്കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ടീം സോളാറിന് അത്തരത്തില്‍ ഒരു പകര്‍പ്പ് നല്‍കിയതായി രജിസ്റ്ററില്‍ കാണുന്നില്ലെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.
സോളാര്‍ കേസ് വിവാദമായതോടെ ചില മാധ്യമങ്ങളില്‍ പാര്‍ക്കിന്റെ ലേ ഔട്ട് പ്രദര്‍ശിപ്പിച്ചതായറിയാം.
അതു താന്‍ നല്‍കിയതല്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.സോളാര്‍ കേസ് പ്രത്യേകാന്വേഷണ സംഘത്തലവന്‍ എ ഹേമചന്ദ്രന്‍ കിന്‍ഫ്രയില്‍ വരികയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല.
2012 ജൂണ്‍ 25ന് ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത കിന്‍ഫ്ര പാര്‍ക്കില്‍ വന്നതായി രേഖയുണ്ടെന്നും അനില്‍കുമാര്‍ മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."