കേന്ദ്രം പിന്നോട്ടില്ല; സഹകരണ ബാങ്കുകള്‍ക്കെതിരേ നടപടി ശക്തമാക്കി
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ രക്ഷിക്കാനായി സര്‍വകക്ഷിയോഗം ചേര്‍ന്ന ഇന്നലെ സഹകരണ ബാങ്കുകളിലെ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രവും രംഗത്തെത്തി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പൂര്‍ണ വിവരം ശേഖരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം റിസര്‍വ് ബാങ്കിനും ആദായ നികുതി വകുപ്പിനും കര്‍ശന നിര്‍ദേശം നല്‍കി.
സഹകരണ ബാങ്കുകളിലെയും ക്രെഡിറ്റ് സൊസൈറ്റികളിലെയും നിലവില്‍ ശേഖരിച്ച അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈമാറ്റം ചെയ്യാതെ അതാതു ചെസ്റ്റ് ബാങ്കുകളില്‍ സൂക്ഷിക്കാന്‍ വേണ്ട ഉത്തരവിറക്കാനും ഇന്നലെ ധനകാര്യമന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപങ്ങളും ഇടപാടുകളും പരിശോധിക്കാന്‍ ആധായ നികുതി വകുപ്പിന് അധികാരം നല്‍കുന്ന 130(6) ചട്ടപ്രകാരമുള്ള ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും.
നോട്ട് പിന്‍വലിച്ചതിനു ശേഷം കോടികളുടെ നിക്ഷേപമാണ് സഹകരണ ബാങ്കുകളിലേക്കു ഒഴുകിയത്. കൂടാതെ കോടികളുടെ വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു.
നേരത്തെ ആധായ നികുതി വകുപ്പ് 25 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ സഹകരണ ബാങ്കുകളോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത് പല ബാങ്കുകളും നല്‍കിയിരുന്നില്ല. ഇപ്പോള്‍ മറ്റു ബാങ്കുകളെ പോലെ രണ്ടര ലക്ഷത്തിനു മുകളിലുള്ള എല്ലാ നിക്ഷേപങ്ങളുടെയും വിവരം ശേഖരിക്കാനാണ് നിര്‍ദേശം.
ചില ജില്ലകളിലെ സഹകരണ ബാങ്കുകളില്‍ നോട്ട് നിരോധിച്ചതിനു ശേഷം കള്ളപ്പണം കൊണ്ട് വായ്പകള്‍ തിരിച്ചടച്ചതായും ആധായ നികുതി വകുപ്പിന് വിവരം ലഭിച്ചു. ഇതും പരിശോധിക്കും. കേരളം ഒരുമിച്ച് സമര രംഗത്തു വന്നതോടെയാണ് കേന്ദ്രം പരിശോധന കര്‍ശനമാക്കുന്നത്.
കേരളത്തില്‍ നിന്നും സര്‍വകക്ഷി സംഘം വരുമ്പോള്‍ കണക്കുസഹിതം പ്രതികരിക്കാനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റിലി ഒരുങ്ങുന്നത്. സഹകരണ ബാങ്കുകളില്‍ പിന്‍വലിച്ച കോടിക്കണക്കിനു രൂപയാണ് കെട്ടിക്കിടക്കുന്നത്. ഇത് മാറ്റി നല്‍കണമെങ്കില്‍ നിക്ഷേപങ്ങളൂടെ വിവരം ആധായ നികുതി വകുപ്പിന് നല്‍കണം.
ആധായ നികുതി വകുപ്പ് പരിശോധിച്ചതിനു ശേഷം രണ്ടര ലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ളവരുടെ ഉറവിടം കാണിക്കാന്‍ പറ്റുന്ന പണത്തിന് നികുതിയും പിഴയും അടയ്ക്കാന്‍ നോട്ടീസ് നല്‍കും.
കള്ളപ്പണം കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആധായ നികുതി വകുപ്പിന് കേന്ദ്ര ധനകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."