വാനരവികൃതിയില്‍ കലാപം; കൊല്ലപ്പെട്ടത് 16 പേര്‍
ട്രിപ്പോളി: കുരങ്ങന്‍ ശിരോവസ്ത്രം വലിച്ചുകീറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലിബിയയില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ലിബിയയുടെ ദക്ഷിണമേഖലയിലാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ശിരോവസ്ത്രം കുരങ്ങന്‍ വലിച്ചു കീറിയത്.
സംഭവത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായും 50 പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ നിന്നു വിവരം ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം റോയിറ്റേഴ്‌സിന്റെ കണക്കനുസരിച്ച് 16 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
ലിബിയയിലെ ഗദ്ദാഡ്ഫ വംശത്തില്‍പെടുന്ന ഒരു കച്ചവടക്കാരന്‍ വളര്‍ത്തുന്ന കുരങ്ങനാണ് സംഭവത്തിലെ പ്രതി.
കുരങ്ങന്റെ താമസസ്ഥലത്തിനു സമീപത്തുകൂടി കടന്നുപോവുകയായിരുന്ന ഒരു പറ്റം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ നേര്‍ക്കായിരുന്നു കുരങ്ങന്റെ ആക്രമണം. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ ശിരോവസ്ത്രം കുരങ്ങന്‍ വലിച്ചുകീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
സബ നഗരത്തിലെ ഗോത്രവിഭാഗമായ സുലൈമാന്‍, ഗദ്ദാദ്ഫ വിഭാഗങ്ങളാണ് ഏറ്റുമുട്ടയത്. ഇരു വിഭാഗത്തിനും ശക്തരായ സായുധ സേനയുണ്ട്. ഗദ്ദാദ്ഫ വിഭാഗക്കാരനായ കച്ചവടക്കാരന്റെ കുരങ്ങനാണ് മറുവിഭാഗത്തിലെ കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്നാണ് ലിബിയയില്‍ സംഘര്‍ഷം അരങ്ങേറിയത്.
സംഘര്‍ഷം രണ്ടും മൂന്നും ദിനങ്ങളിലേക്ക് കടക്കുമ്പോഴേക്കും മാരകായുധം ഉയോഗിച്ചായിരുന്നു ആക്രമണം.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുള്‍പ്പടെ സംഘര്‍ഷത്തില്‍ കൊല ചെയ്യപ്പെട്ടുവെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."