കൃഷ്ണഗിരിയില്‍ രാജസ്ഥാന്‍ തകര്‍ന്നു
കൃഷ്ണഗിരി (വയനാട്): രാജസ്ഥാന്‍- ഡല്‍ഹി മത്സരത്തില്‍ ആദ്യ ദിനത്തില്‍ ഡല്‍ഹി ബൗളര്‍മാരും രാജസ്ഥാന്‍ ഓപണര്‍ അമിത്കുമാര്‍ ഗൗതമും തിളങ്ങി. ആദ്യ ദിനത്തില്‍ 238 റണ്‍സില്‍ രാജസ്ഥാനെ ഒതുക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. തുടര്‍ന്നു ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സുമായി ശിഖര്‍ ധവാനും ആറു റണ്‍സുമായി ഗൗതം ഗംഭീറും ക്രീസില്‍.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ തീരുമാനം ശരി വയ്ക്കുന്ന തരത്തില്‍ തകര്‍ച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുരുതുരെ വീണപ്പോള്‍ കരിയറിലെ രണ്ടാം ഫസ്റ്റ് ക്ലാസ്സ് മത്സരത്തില്‍ സെഞ്ച്വറി നേട്ടവുമായി തിളങ്ങി പൊരുതാവുന്ന സ്‌കോറിലേക്ക് രാജസ്ഥാനെ എത്തിച്ചത് ഓപണര്‍ അമിത് ഗൗതമാണ്. നാലിനു 68 എന്ന നിലയില്‍ പരുങ്ങിയ രാജസ്ഥാനെ അഞ്ചാം വിക്കറ്റില്‍ അമിതിനൊപ്പം ചേര്‍ന്ന് എസ്.എഫ് ഖാന്‍ കരകയറ്റാനുള്ള ശ്രമം നടത്തി. ഇരുവരും ചേര്‍ന്ന് ടീം ടോട്ടലിലേക്ക് 59 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. 31 റണ്‍സെടുത്ത ഖാന്‍ വികാസിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ മനന്‍ ശര്‍മയുടെ കൈകളില്‍ അവസാനിച്ചു. അതിനിടെ അമിത് ഗൗതം തന്റെ കന്നി അര്‍ധ സെഞ്ച്വറി കണ്ടെത്തി. പിന്നീട് എട്ടാമനായി ക്രീസിലെത്തിയ ദീപക് ചഹര്‍ മനോഹരമായി ബാറ്റ് വീശി അമിതിനൊപ്പം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒപ്പം അമിത് തന്റെ രണ്ടാം മത്സരത്തില്‍ തന്നെ ആദ്യ സെഞ്ച്വറിയും കണ്ടെത്തി. 106 റണ്‍സെടുത്ത അമിതിനെ വികാസ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ രാജസ്ഥാന്റെ ചെറുത്തുനില്‍പ് ഏറെക്കുറെ അവസാനിച്ചു. തൊട്ടുപ്പിന്നാലെ 47 റണ്ണെടുത്ത ചഹലും പുറത്തായി. പിന്നെ ഡല്‍ഹി ബൗളര്‍മാര്‍ക്ക് ചടങ്ങ് തീര്‍ക്കേണ്ട ബാധ്യതയേ ഉണ്ടായിരുന്നുള്ളു. 238 റണ്‍സില്‍ രാജസ്ഥാന്റെ പോരാട്ടവും അവസാനിച്ചു.
ഡല്‍ഹിക്കായി പേസ് ബൗളര്‍മാരായ നവദീപ് സൈനിയും വികാസ് ടോകസും മൂന്നു വീതം വിക്കറ്റുകളും ഓഫ് സ്പിന്നര്‍ മനന്‍ ശര്‍മയും സ്‌ട്രൈക്ക് ബൗളര്‍ സുമിത് നര്‍വാളും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."