ടൈറ്റാനിയം സ്‌പോഞ്ച് ആദ്യമായി പ്രതിരോധ വകുപ്പിലേക്ക്
കൊല്ലം:സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഡി.എം.ആര്‍.എല്‍, ഐ.എസ്ആര്‍.ഓ എന്നിവയുമായി സഹകരിച്ചു സ്ഥാപിച്ച പ്ലാന്റില്‍ ഉല്‍പാദിപ്പിച്ച ടൈറ്റാനിയം സ്‌പോഞ്ച് മെറ്റല്‍ ആദ്യമായി പ്രതിരോധ വകുപ്പു വാങ്ങുന്നു. 2004ല്‍ ടൈറ്റാനിയം സ്‌പോഞ്ച് മെറ്റലിനുണ്ടായ അനിയന്ത്രിതമായ വിലക്കയറ്റവും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ദൗര്‍ലഭ്യതയും പ്രതിരോധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായതോടെയാണു തദ്ദേശീയമായി ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പാദിപ്പിക്കാനുളള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചത്. 2006ല്‍ ചവറയില്‍ നിര്‍മാണമാരംഭിച്ച പ്ലാന്റ് 2011ല്‍ കമ്മീഷന്‍ ചെയ്യുകയും ഉല്‍പാദനം ആരംഭിക്കുകയും ചെയ്തു.
പ്രതിവര്‍ഷം 500 ടണ്‍ ഉല്‍പാദനശേഷിയുളള ഈ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായതോടെ ഇന്ത്യ ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ ഏഴാമതു രാജ്യമായി മാറി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടുവിവിധ ഗ്രേഡുകളില്‍ 170 ബാച്ചുകളിലായി 550ല്‍ അധികം മെട്രിക് ടണ്‍ ടൈറ്റാനിയം സ്‌പോഞ്ച് ഉത്പാദിപ്പിച്ചു കഴിഞ്ഞു. 150 കോടിയോളം രൂപ ചെലവാക്കി നിര്‍മിച്ച ഈ പ്ലാന്റിന്റെ ഉല്‍പാദനം ടൈറ്റാനിയം സ്‌പോഞ്ചില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്റെ ആദ്യപടിയായിരുന്നു.
2013 മാര്‍ച്ചിലാണു ഈ പ്ലാന്റില്‍ നിന്നുളള ആദ്യ ഉത്പന്നം വി.എസ്.എസ്.സി ക്കു കൈമാറിയത്. അന്നു മുതല്‍ വി.എസ്.എസ്.സി മാത്രമായിരുന്നു പ്രധാനമായും സ്‌പോഞ്ച് വാങ്ങിയിരുന്നത്. 2015ല്‍ റീജിയണല്‍ സെന്റര്‍ ഫോര്‍ മിലിട്ടറി ആന്റ് എയര്‍വര്‍ത്തിനസ് ഇവിടെ ഉത്പാദിപ്പിച്ച ടൈറ്റാനിയം സ്‌പോഞ്ച് മെറ്റലിന്റെ പ്രതിരോധ -വ്യോമ ഉപയോഗക്ഷമത അംഗീകരിച്ചതോടെയാണു ഇതിന്റെ കൂടുതല്‍ വിപണനത്തിനു വഴിതുറന്നത്. പ്രതിരോധ വകുപ്പു കരാര്‍ പ്രകാരം മൂന്നു വര്‍ഷത്തിനകം 195 മെട്രിക് ടണ്‍ ടൈറ്റാനിയം സ്‌പോഞ്ച് മെറ്റല്‍ വാങ്ങാനാണു ധാരണ. സമുദ്രാന്തര ആവശ്യങ്ങള്‍ക്കാണു ഇതു മുഖ്യമായും ഉപയോഗിക്കുക. ഇതിന്റെ ആദ്യ ഉത്പന്ന കൈമാറ്റം കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ റോയി കുര്യന്‍ ടൈറ്റാനിയം സ്‌പോഞ്ച് കോംപ്ലക്‌സില്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.
ചടങ്ങില്‍ ജോയിന്റ് ജനറല്‍ മാനേജര്‍ ബാലുകൊച്ചുകുഞ്ഞ്, മാനേജര്‍ ഹരികൃഷ്ണന്‍, ഡെപ്യൂട്ടി മാനേജര്‍ അനില്‍കുമാര്‍. ആര്‍, ഡെപ്യൂട്ടി മാനേജര്‍ ലാലു ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."