5000 മീറ്ററില്‍ ചേച്ചിമാരെ ഞെട്ടിച്ച് കുഞ്ഞു സ്നേഹയ്ക്ക് നാലാം സ്ഥാനം
കോഴിക്കോട്: സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഹീറ്റ്സിനായി മൈക്കിലൂടെ അനൗണ്‍സ്മെന്റ് മുഴങ്ങി. മത്സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കിടയിലൂടെ പത്തു വയസുകാരി സ്നേഹ ട്രാക്കിലേക്കിറങ്ങിയപ്പോള്‍ സംഘാടകര്‍ സംശയത്തോടെ നെറ്റിചുളിച്ചു. മൈക്കിലൂടെ സീനിയര്‍ വിഭാഗം മത്സരമെന്ന് വീണ്ടും അനൗണ്‍സ്മെന്റ് മുഴങ്ങിയിട്ടും സ്നേഹ പിന്മാറിയില്ല.
അല്പം ആശയക്കുഴപ്പങ്ങള്‍ക്ക് ശേഷമാണ് സീനിയര്‍ വിഭാഗത്തിനു മാത്രമായുള്ള 5000 മീറ്റര്‍ ഓട്ടത്തില്‍ യോഗ്യത നേടിയ കൊച്ചു മിടുക്കിയാണ് സ്നേഹ സി. ഷിജിത്തെന്ന് സംഘാടകര്‍ മനസിലാക്കിയത്. പിന്നീട് കാണികളുടെ ശ്രദ്ധ മുഴുവന്‍ ഈ അഞ്ചാം ക്ലാസുകാരിയിലായിരുന്നു. ചുറ്റുമുള്ള തന്നേക്കാള്‍ മുതിര്‍ന്ന ചേച്ചിമാര തെല്ലൊരാശങ്കയോടെ നോക്കിയെങ്കിലും വിസില്‍ മുഴങ്ങിയ നിമിഷം ഏവരെയും ആശ്ചര്യപ്പെടുത്തി സ്നേഹ കുതിക്കുകയായിരുന്നു. നാലാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തതെങ്കിലും കാണികള്‍ ഹര്‍ഷാരവത്തോടെയാണ് ഈ കുരുന്നു പ്രതിഭയെ അഭിനന്ദിച്ചത്.
കൈയിലെ അസ്ഥിവളരുന്ന രോഗാവസ്ഥയില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് നടത്തിയ ശസ്ത്രക്രിയയും സ്നേഹയുടെ ദൂരത്തിന്റെയും വേഗതയുടെയും സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയായില്ല. ഇതു നാലാം തവണയാണ് സ്നേഹയുടെ കൈയില്‍ രോഗം കാരണം തുന്നിക്കെട്ടലുകള്‍ നടത്തേണ്ടി വരുന്നത്. കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസില്‍ പഠിക്കുന്ന സ്നേഹ ഏഴാം ക്ലാസുകാരിയായ ചേച്ചി സോനയിലൂടെയാണ് കായിക രംഗത്തേക്കുള്ള പ്രവേശനം. സബ്ജില്ലാ മത്സരത്തില്‍ 3000, 5000 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് ജില്ലാ മത്സരത്തിലേക്കുള്ള യോഗ്യത നേടിയത്. താമരശ്ശേരി, മേക്കാവ്, ചക്കാലക്കല്‍ ഷിജുവിന്റെയും ബിഞ്ചുവിന്റെയും മകളാണ് സ്നേഹ. ജോസ്വിന് പി. ജോണാണ് കായിക പരിശീലകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."