തുടരുന്ന നോട്ടു ദുരന്തം, തളരുന്ന പൊതുജനം
കാസര്‍കോട്: ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം തുടര്‍ച്ചയായി പന്ത്രണ്ടു ദിനങ്ങള്‍ പ്രവര്‍ത്തിച്ച ബാങ്കുകള്‍ അവധി കഴിഞ്ഞ് ഇന്നലെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഒരു ദിവസത്തെ അവധി കഴിഞ്ഞെത്തിയ ബാങ്കു ജീവനക്കാര്‍ക്ക് ഇന്നലെയും തിരക്കിനു കുറവുണ്ടായിരുന്നില്ല. നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ച ആദ്യദിനങ്ങളെ അപേക്ഷിച്ചു തിരക്ക് കുറഞ്ഞെങ്കിലും നോട്ടു മാറ്റിവാങ്ങാനും നിക്ഷേപിക്കാനുമായി ജില്ലയിലെ പല ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്‍പില്‍ ഇന്നലെയും നിരയായ് നില്‍ക്കുന്നയാളുകളെ കാണാമായിരുന്നു.
ചില്ലറക്ഷാമം കാരണം ക്ഷീണിച്ച കച്ചവട മേഖല പതിയെ ഉണര്‍ന്നു തുടങ്ങിയെന്നു വ്യാപാരികള്‍ പറയുന്നു. ബസ് സര്‍വിസുകളും പതിയെ പഴയ നിലയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. 24 വരെ പഴയ നോട്ടുകള്‍ എടുക്കാമെന്ന ഉത്തരവ് നില നില്‍ക്കുന്നതു കൊണ്ട് കറന്റ്, ഫോണ്‍ ബില്ലുകള്‍, നികുതി എന്നിവ അടക്കാനും റെയില്‍വേ ടിക്കറ്റെടുക്കാനുമാണ് അസാധുവാക്കപ്പെട്ട നോട്ടുകള്‍ ജനങ്ങള്‍ പൊതുവേ ഉപയോഗിക്കുന്നത്. നോട്ടുകള്‍ അസാധുവാക്കി ജനജീവിതം സ്തംഭിപ്പിച്ചും സംസ്ഥാനത്തിന്റെ സാമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കുന്നതുമായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."