നൂറുമേനി വിളവുമായി നാലുപെണ്ണുങ്ങള്‍ പത്താം വര്‍ഷത്തിലേക്ക്
രാജപുരം: കൃഷിയില്‍ തുടര്‍ച്ചയായി നൂറുമേനി കൊയ്യുന്ന നാല് സ്ത്രീകളുടെ വിജയ കൂട്ടായ്മ പത്താം വര്‍ഷത്തിലേക്ക്. കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ കൊട്ടോടി മാവുങ്കാല്‍ ജ്യോതി ഹരിത സംഘ കൃഷിയാണ് ഒന്‍പതു വര്‍ഷമായി നൂറുമേനിയുമായി പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പ്രശംസ പിടിച്ചുപറ്റുന്നത്.
പാട്ടത്തിനെടുത്ത അഞ്ച് ഏക്കര്‍ സ്ഥലത്താണ് സംഘത്തിന്റെ കൃഷി. കപ്പ, ചേന, ചേമ്പ്, വാഴ, ഇഞ്ചി, പച്ചക്കറികളാണ് ജൈവവളത്തില്‍ കൃഷി ചെയ്യുന്നത്. ജൈവകൃഷി ആയതിനാല്‍ വിളവുകള്‍ക്കു കടകളില്‍ നല്ല ഡിമാന്റുണ്ട്. ഇവര്‍ നേരിട്ട് നേതൃത്വം നല്‍കുന്ന കൃഷി പണികള്‍ക്കു തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തും. ഇത്തവണ ആദ്യമായാണ് നെല്‍കൃഷി പരീക്ഷിച്ചത്.
കുടുംബൂരിലെ സ്ഥലമാണ് ഇത്തവണ കൃഷിക്കായി പാട്ടത്തിനെടുത്തത്. അതില്‍ ഒരേക്കര്‍ പാടത്തിലാണ് നെല്‍കൃഷി. മറ്റിടത്തു പച്ചക്കറി കൃഷി. കള്ളാര്‍ പഞ്ചായത്തിലെ ഏറ്റവും മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത മാവുങ്കാലിലെ സബിത രഘുവാണ് സംഘം സെക്രട്ടറി. ലീലാമ്മ ജോസാണ് പ്രസിഡന്റ്.
നെല്‍കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ നാരായണന്‍, വാര്‍ഡംഗം ബി രമ, കൃഷി അസി. ഓഫിസര്‍ സി ചക്രപാണി, പ്രേമ സുരേഷ്, ലീല ബാബു, അന്നമ്മ മാത്യു സംബന്ധിച്ചു. പതിനാലാം വാര്‍ഡു തൊഴിലുറപ്പ് അംഗങ്ങളാണ് നാല്‍വര്‍ സംഘത്തിന്റെ നെല്ല് സൗജന്യമായി കൊയ്തു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."