സര്‍ക്കാര്‍ നിയന്ത്രണം പാളി; അരിവില കുതിച്ചുയരുന്നു
കഞ്ചിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അരി വിപണിയില്‍ വില നിയന്ത്രണ മേര്‍പ്പെടുത്തിയതോടെ അരിവില കുത്തനെ കൂടി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുരൂപ മുതല്‍ എട്ടു രൂപ വരെയാണ് വര്‍ധിച്ചത്. ആന്ധ്ര, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുവരുന്ന അരിയുടെ വില വര്‍ധിച്ചതാണ് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. റേഷന്‍കടകളില്‍ ഭക്ഷ്യഭദ്രത നിയന്ത്രണത്തിന്റെ പേരില്‍ അരി വെട്ടിക്കുറച്ചതാണ് വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണം. ഒക്‌ടോബര്‍ മുതല്‍ എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ടു കിലോ അരി മാത്രമാണ് നല്‍കുന്നത്. ഒന്‍പതു കിലോ അരി ലഭിച്ചിരുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നവംബറില്‍ എത്ര നല്‍കണമെന്നതിന് സപ്ലൈ വകുപ്പില്‍നിന്ന് അറിയിപ്പു ലഭിച്ചിട്ടുമില്ല. ഒക്‌ടോബര്‍ മാസത്തെ അരി ലഭിക്കാത്തവര്‍ക്ക് നവംബര്‍ 12 വരെ സമയം അനുവദിച്ചിരുന്നെങ്കിലും റേഷന്‍കടകളില്‍ നിന്ന് ഇത് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
അരിക്കുപുറമേ, ഗോതമ്പും റേഷന്‍കടകളിലൂടെ ലഭിക്കുന്നില്ല. എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് അഞ്ചുകിലോ അരിയും ഒരുകിലോ ഗോതമ്പുമായിരുന്നു ഒക്‌ടോബറില്‍ അനുവദിച്ചിരുന്നത്. കഴിഞ്ഞമാസം എഫ്.സി.ഐ.യില്‍നിന്ന് ആവശ്യത്തിന് ഗോതമ്പ് ലഭിക്കാത്തതിനാല്‍ ഗോതമ്പ് പലയിടത്തും നല്‍കാനായിട്ടില്ലെന്ന് സപ്ലൈ ഓഫിസ് അധികൃതര്‍ പറയുന്നു. ഈ സാഹചര്യം മുതലെടുത്താണ് അരിവിപണിയിലെ ചൂഷണം നടക്കുന്നത്. ഒരുമാസത്തിനിടെ അരിവില ഉയര്‍ന്നതോടെ അരിവാങ്ങാന്‍ ഇപ്പോള്‍ 33 രൂപമുതല്‍ 35 രൂപ വരെ നല്‍കണം.
ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ജയ, കുറുവ അരികള്‍ക്ക് ഒരാഴ്ചക്കിടെ രണ്ടു തവണ വില വര്‍ധിച്ചു. മൊത്തവിപണിയില്‍ 27.50 ന് ലഭിച്ചിരുന്ന അരി ഇപ്പോള്‍ ലഭിക്കുന്നത് 30.50 രൂപയ്ക്കാണെന്നതിനാല്‍ ചില്ലറ വില 34 ആണ്. സംസ്ഥാനത്തെ അരിയുടെ ലഭ്യതക്കുറവ് മനസിലാക്കിയ തമിഴ്‌നാട് കച്ചവടക്കാര്‍ ഇപ്പോള്‍ ആവശ്യത്തിനുള്ള അരി നല്‍കാത്തതും വില വര്‍ധിക്കാന്‍ ഇടയാക്കുന്നതായി മൊത്തവ്യാപാരികള്‍ പറയുന്നു. അരിക്ക് കൃത്രിമക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കാനുള്ള ലക്ഷ്യവുമുണ്ടാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."