യു.എസ് ട്രഷറി ബോണ്ടുകളിലെ നിക്ഷേപം 116 ബില്യണ്‍ ഡോളറെന്ന് സഊദി അറേബ്യ വ്യക്തമാക്കി
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: അമേരിക്കന്‍ ട്രഷറി ബോണ്ടുകളിലെ രാജ്യത്തിന്റെ നിക്ഷേപം ഇതാദ്യമായി സഊദി അറേബ്യ പുറത്തുവിട്ടു.നാല്‍പതു വര്‍ഷമായി രഹസ്യമാക്കി വെച്ച നിക്ഷേപങ്ങളാണ് ഇപ്പോള്‍ സഊദി വ്യക്തമാക്കിയത്. യു.എസ് ട്രഷറി മന്ത്രാലയത്തിന്റെ ബോണ്ടുകളില്‍ സഊദി അറേബ്യ ഇതുവരെ നടത്തിയ നിക്ഷേപം 116 ബില്യണ്‍ (11680 കോടി ഡോളര്‍) ഡോളര്‍ ആണെന്ന് ട്രഷറി മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ നിക്ഷേപം നടത്തിയ പന്ത്രണ്ടു പ്രമുഖ രാജ്യങ്ങളില്‍ പ്രധാനിയാണ് സഊദി അറേബ്യ.
ഏറ്റവും ഒടുവില്‍ മാര്‍ച്ച് അവസാനത്തെ കണക്കു പ്രകാരം 116.8 ബില്യണ്‍ ഡോളര്‍ (43800 കോടി റിയാല്‍ ) നിക്ഷേപമാണ് യു.എസ് ട്രഷറി ബോണ്ടുകളില്‍ സഊദിയുടെ നിക്ഷേപം. അമേരിക്കയില്‍ തന്നെ ഡോളറില്‍ നടത്തിയ നിക്ഷേപങ്ങളും മറ്റു ആസ്തികളും കടപ്പത്രങ്ങളില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതിനു പുറമെയുണ്ട്. കൂടാതെ മറ്റു അഞ്ചു ഗള്‍ഫ് രാഷ്ട്രങ്ങളുടെ നിക്ഷേപ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 12,000 കോടി ഡോളര്‍ നിക്ഷേപമാണ് ഇവര്‍ക്ക് യു.എസ് ട്രഷറി ബോണ്ടുകളിലുള്ളത്.
അമേരിക്കയെ കൂടാതെ മറ്റു വിദേശ രാജ്യങ്ങളില്‍ സഊദിയുടെ നിക്ഷേപം 2.2 ട്രില്യണ്‍ റിയാലാണ് (587 ബില്യണ്‍ ഡോളര്‍). ഇതില്‍ 388.4 ബില്യണ്‍ ഡോളര്‍ നിക്ഷേപം ബോണ്ടുകളിലായാണ്. രാജ്യത്തിന്റെ വിദേശ നിക്ഷേപങ്ങളുടെ 20 ശതമാനവും ബോണ്ടുകളിലെ നിക്ഷേപത്തിന്റെ 30ശതമാനവും അമേരിക്കന്‍ ട്രഷറികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സഊദി അറേബ്യയടക്കം പ്രമുഖ ഇന്ധന കയറ്റുമതിക്കാരായ 15 രാജ്യങ്ങള്‍ യു.എസ് ട്രഷറി ബോണ്ടുകളില്‍ നടത്തിയ നിക്ഷേപങ്ങളുടെ കണക്കും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
അമേരിക്കന്‍ ട്രഷറി ബോണ്ടുകളിലെ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനം ചൈനയും (1.3 ട്രില്യണ്‍ ഡോളറും) രണ്ടാം സ്ഥാനത്ത് ജപ്പാനുമാണ് (1.1 ട്രില്യണ്‍ ഡോളര്‍) കൂടാതെ അയര്‍ലണ്ട്, ബ്രസീല്‍, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലാന്റ്്,ലക്‌സംബര്‍ഗ് ,ഹോങ്കോംഗ്, തായ്‌വാന്‍, ബെല്‍ജിയം, ഇന്ത്യ എന്നീ രാജ്യങ്ങളും യു.എസ് ട്രഷറി ബോണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
നേരത്തെ, സെപ്തംബര്‍ 11 കേസുമായി ബന്ധപ്പെട്ട് സഊദിക്കെതിരെ നടപടിയാവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റ് രംഗത്തെത്തിയ അവസരത്തില്‍ നിക്ഷേപ ബോണ്ടുകളില്‍ പിടിച്ചാണ് സഊദി ഇതിനെതിരെ തിരിച്ചടിച്ചത്. അനാവശ്യമായി നടപടിയെടുത്താല്‍ ട്രില്യണ്‍ കണക്കിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്ന് സഊദി ഭീഷണി മുഴക്കിയിരുന്നു. ഭീഷണിക്കിടെ കഴിഞ്ഞ ദിവസം ബില്‍ സെനറ്റില്‍ പാസാക്കിയെങ്കിലും പ്രതിനിധി സഭയില്‍ പാസായി പ്രസിഡന്റ് ഒപ്പ് വെക്കുന്നതോടെ മാത്രം ബില്‍ നിയമമാകുകയുള്ളൂ. എന്നാല്‍ ഒബാമയും വൈറ്റ് ഹൗസും ബില്ലിന് എതിരാണെന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."