ഇനി 'മിന്നല്‍പിണറായി' വിജയന്‍
പറയുന്നത് മാത്രം പ്രവര്‍ത്തിക്കുക, കര്‍ക്കശക്കാരനായ കമ്മ്യൂണിസ്റ്റ്, അപൂര്‍വമായി മാത്രം ചിരിക്കുന്ന വ്യക്തി തുടങ്ങിയ വിശേഷണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ഒരാള്‍ക്കുമാത്രമാണ് ചേരുന്നത്. അതാണ് സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണായകമായ വ്യക്തിയായ പിണറായിയെപോലെ ഇത്രയധികം മാധ്യമങ്ങളിലും പൊതുസമൂഹത്തിനിടയിലും ചര്‍ച്ച ചെയ്യപ്പെട്ട ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമാണ്. അദ്ദേഹമാണ് ഇനി കേരളത്തില്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാവുക.
പിണറായി സംസ്ഥാന സെക്രട്ടറിയായ കാലംമുതല്‍ പാര്‍ട്ടിക്ക് വലിയതോതിലുള്ള തിരിച്ചടിയുണ്ടായെന്ന ആക്ഷേപമാണ് ഇടതുപക്ഷ ചിന്തകരില്‍ നിന്നുപോലും ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സി.പി.എമ്മിനെ വലതുപക്ഷ വ്യതിയാനത്തിനിടയാക്കിയെന്നു ചൂണ്ടിക്കാട്ടി നിരവധിപേര്‍ സി.പി.എമ്മിനെതിരായ ചില വിധിയെഴുത്തുകളിലും വ്യാപൃതരായി. എന്നാല്‍ എല്ലാ ആരോപണങ്ങളേയും തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് എതിരിട്ട പിണറായി താന്‍ വിശ്വസിക്കുന്ന തത്വങ്ങളില്‍ ഒരിക്കല്‍പോലും വെള്ളം ചേര്‍ക്കാന്‍ തയ്യാറായില്ല. തന്റെ നിരീക്ഷണത്തിനും വീക്ഷണത്തിനും അനുയോജ്യമായി പാര്‍ട്ടിയെ നയിച്ചതും എതിരഭിപ്രായങ്ങളെ തെല്ലും പരിഗണിക്കാതെ മുന്നോട്ടുപോയതും സി.പി.എമ്മിന് ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാക്കി. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടെങ്കിലും അതിനെയെല്ലാം അതേ രീതിയില്‍ അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്.
അതാതുകാലത്തെ പ്രായോഗിക രാഷ്ട്രീയത്തില്‍ വിശ്വസിച്ച പിണറായി ഇക്കാര്യത്തില്‍ പാരമ്പര്യ വാദിയായ വി.എസുമായി പലതവണ കൊമ്പുകോര്‍ത്തത് സി.പി.എമ്മിലും കേരള രാഷ്ട്രീയത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇരുവരും ഐക്യത്തോടെ നിന്നെങ്കിലും ഇരുവരുടേയും ആശയങ്ങളുടെ വ്യതിരിക്തതയില്‍ ഇപ്പോഴും സി.പി.എം രാഷ്ട്രീയം കലങ്ങിമറിഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥി- യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അടിയന്തരാവസ്ഥക്കാലത്തു പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ രാഷ്ട്രീയ തടവുകാരനായി കിടന്ന അദ്ദേഹം പാര്‍ട്ടിയുടെ ഒട്ടേറെ പദവികളില്‍ ഇരുന്നിട്ടുണ്ട്.
1970ല്‍ തന്റെ 26ാം വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി കേരള നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും വിജയിച്ച് നിയമസഭാംഗമായി. പയ്യന്നൂരില്‍ നിന്ന് അന്നുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തതും പിണറായിയായിരുന്നു.
1998ല്‍ ചടയന്‍ ഗോവിന്ദന്റെ പിന്‍ഗാമിയായാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്. തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിയുന്നതുവരെ വലിയതോതിലുള്ള എതിര്‍പ്പുകളും ആരോപണങ്ങളും ഉണ്ടായി. ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ ഉലച്ചപ്പോള്‍ പാര്‍ട്ടിയെ ഇടംവലം തിരിയാതെ മുന്നോട്ടു നയിച്ചത് പിണറായിയായിരുന്നു. ചവിട്ടി നില്‍ക്കുന്ന മണ്ണുപോലും ഒലിച്ചുപോകുമെന്ന സന്നിഗ്ധഘട്ടം വന്നപ്പോള്‍ പോലും കാലിടറാതെ തന്റെ സ്വതസിദ്ധമായ കര്‍ക്കശമനോഭാവത്തോടെ എല്ലാം കൈപ്പിടിയിലൊതുക്കിയെന്ന ആരോപണവും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെപോലും നിയന്ത്രിച്ച ആളെന്ന ആരോപണവും അദ്ദേഹത്തിനെതിരെ എതിരാളികള്‍ ഉയര്‍ത്തി. മുതലാളിത്ത ചേരിയിലേക്ക് പാര്‍ട്ടിയെ നയിച്ചുവെന്ന ആരോപണവും പിണറായിക്ക് നേരിടേണ്ടി വന്നെങ്കിലും അതിലൊന്നിലും പ്രതികരിക്കാതെ ആരോപണമുന്നയിക്കുന്നവര്‍ക്കു മുന്നില്‍ ചെറുചിരിയില്‍ തന്റെ വാദമുഖങ്ങള്‍ ഒതുക്കിയ നേതാവായും പിണറായി നിലകൊണ്ടു.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 1998 മുതലാണ് സംസ്ഥാന സെക്രട്ടറിയായത്. കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 1996 ല്‍ വൈദ്യുതി മന്ത്രിയായി. ഈ ഭരണ കാലഘട്ടത്തില്‍ കേരളത്തിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്നോണം വൈദ്യുതി ഉല്‍പാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും പിണറായി വിജയന്‍ വഹിച്ച പങ്ക് ഒരു മന്ത്രിയെന്ന നിലയില്‍ എക്കാലവും എടുത്തുപറയത്തക്കതായിരുന്നു.
വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോള്‍, ലാവലിന്‍ കമ്പനിയുമായി നടന്ന സര്‍ക്കാര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്ന് യു.ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തുകയും പിണറായി വിജയന്‍ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ പിണറായി വിജയനെ ഒന്‍പതാം പ്രതിയായി ചേര്‍ക്കുകയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടുകയും ചെയ്തു.
സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് മന്ത്രിസഭ അതിനു അനുമതി നിഷേധിച്ചെങ്കിലും അന്നത്തെ കേരളാ ഗവര്‍ണര്‍ ആര്‍.എസ് ഗവായി അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി. മഹാരാഷ്ട്രയില്‍ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോണ്‍ഗ്രസ് സഹായം ഉറപ്പുവരുത്താന്‍ ആര്‍.എസ് ഗവായ് യു.ഡി.എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു സി.പി.എം ആരോപിക്കുകയും ചെയ്തു. കേരളാ ഗവര്‍ണറുടെ ഈ തീരുമാനത്തെ പിണറായി വിജയന്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ സാമ്പത്തികലാഭം ഉണ്ടാക്കിയതിനു തെളിവ് ലഭിച്ചിട്ടില്ലന്നും അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ മാത്രമേ അന്വേഷണത്തില്‍ തെളിവു ലഭിച്ചിട്ടുള്ളൂവെന്നും സി.ബി.ഐ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. അതിനിടയില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും അതിനുശേഷവും സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തെ പ്രതിപ്പട്ടികയിലേക്ക് ഉള്‍പ്പെടുത്തുന്നതായി കേരള ജനത വ്യാഖ്യാനിച്ചു.
തുടര്‍ന്ന് കേസിന്റെ വിചാരണ നടന്നിരുന്ന തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപേര്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചു. അതു പരിഗണിച്ച കോടതി പിണറായി വിജയനെ കേസില്‍ പ്രതിചേര്‍ത്ത് വിചാരണ തുടരാനുള്ള വസ്തുതകള്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തുകയും അഴിമതി, അധികാരദുര്‍വ്വിനിയോഗം, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങിയ കുറ്റപത്രം തന്നെ നിലനില്‍ക്കില്ലെന്നും ഉത്തരവിട്ടു. പന്നിയാര്‍-ചെങ്കുളം-പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച കരാറാണ് കേസിനാസ്പദമായത്.
ഈ കേസിനു പുറമെ പാര്‍ട്ടിയെ വലതുപാളയത്തിലെത്തിക്കാനുള്ള നീക്കമെന്ന് ആരോപണമടക്കമുള്ള നിരവധി സംഭവങ്ങളുടെ പേരില്‍ വി.എസും പിണറായിയും തമ്മില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറ്റുമുട്ടി. ഒരിക്കല്‍ പിണറായിയെ എസ്.എ ഡാങ്കേയോടുപോലും വി.എസ് ഉപമിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചക്കാണ് ഇടയാക്കിയത്. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പോലും വി.എസ് പാര്‍ട്ടി വിരുദ്ധനെന്ന് പിണറായി പറഞ്ഞതും പിന്നീട് സമ്മേളന വേദിയില്‍ നി്ന്ന് വി.എസ് ഇറങ്ങിപ്പോയതും ചര്‍ച്ചയായി. എന്നിട്ടും തന്റെ വാശിക്കും കാര്‍ക്കശ്യത്തിനും ഒരിക്കല്‍ പോലും പിന്നോക്കം പോകാന്‍ പിണറായി തയ്യാറായില്ലെന്നതാണ് വസ്തുത.
1944 മാര്‍ച്ച് 21ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മൂന്നു മക്കളില്‍ ഇളയമകനായിട്ടാണ് വിജയന്‍ എന്ന പിണറായി വിജയന്റെ ജനനം. കുമാരന്‍, നാണു എന്നിവര്‍ സഹോദരങ്ങള്‍. തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍. പിണറായി ശാരദാവിലാസം എല്‍.പി സ്‌കൂളിലും, പെരളശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പിണറായിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തലശേരി ബ്രണ്ണന്‍ കോളജില്‍ ബി.എ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിയായി.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യത്തിന്റെ തണലിലാണ് പിണറായി വിജയന്റെയും ഉദയം. ഇവിടെ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനം പിന്നീട് സംസ്ഥാനമൊട്ടാകെ വികസിപ്പിക്കുന്ന തരത്തിലേക്ക് പിണറായി വിജയന്‍ വളരുകയായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്തു എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഡി.വൈ.എഫ്.ഐയുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാന നേതാവായിരുന്നു.
1967ല്‍ സി.പി.എം തലശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സപ്തംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി നിയമിതനായത്. 2002ല്‍ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26ന് പോളിറ്റ് ബ്യൂറോയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് 2007 ഒക്ടോബര്‍ ഒന്നിന് പിണറായി വിജയനെ പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുത്തു.
കാലഘട്ടത്തിനനുസരിച്ച് പാര്‍ട്ടി നയങ്ങള്‍ക്ക് മാറ്റം വരണമെന്നാഗ്രഹിക്കുന്ന നേതാവായിട്ടാണ് പിണറായിയെ പൊതുവെ കരുതുന്നത്. നയസമീപനങ്ങളിലെ മാറ്റം വ്യതിയാനമാണെന്ന വിമര്‍ശനം എം.എന്‍ വിജയനും പാര്‍ട്ടിയിലെ ഒരു വിഭാഗവും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവും ഗ്രൂപ്പ് പ്രവര്‍ത്തനവും നടക്കുന്നുവെന്നും പിണറായി വിജയന്‍ അതില്‍ ഒരു വിഭാഗത്തിന്റെ നായകനാണെന്നുമുള്ള ഒരു പൊതുധാരണ ശക്തിപ്പെട്ടു.
തന്റെ ബാഗില്‍ നിന്നും മാറ്റിവെക്കാന്‍ മറന്നുപോയ സ്വയം രക്ഷാര്‍ഥം കൈവശംവെക്കാന്‍ അനുമതിയുള്ള വെടിയുണ്ട വിമാനത്താവളത്തില്‍ പരിശോധനക്കിടെ കണ്ടെത്തിയതും ഇക്കാലത്ത് പിണറായി വിജയനെതിരെ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇത് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തൊഴിലാളി നേതാവായി ഉയര്‍ന്നുവന്ന പിണറായിയുടെ മകന്റെ ബര്‍മിങ്ഹാം
യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസവും മകളുടെ സ്വാശ്രയ കോളജിലെ പഠനവുമെല്ലാം അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളും വലിയ തോതില്‍ ഉയര്‍ത്തപ്പെട്ടു. മകന്റെ വിദേശ പഠനത്തിന്റെ പേരില്‍ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ ആദായ നികുതി വകുപ്പ് 2008 ജനുവരിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. ഇതില്‍ മകന്റെ ബര്‍മിങ്ങ്ഹാം സര്‍വ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയന്‍ വക സാമ്പത്തിക സഹായമൊന്നും നല്‍കുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയും ചെയ്തു.
കേരളത്തിലെ ചില മുഖ്യധാരാ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഭാഗമായി സി.പി.എമ്മിനെതിരെ ശക്തമായ മാധ്യമസിന്റിക്കേറ്റ് പ്രവര്‍ത്തിക്കുന്നതായും എംബഡഡ് ജേര്‍ണലിസമാണ് ഇവിടെയുള്ളതെന്നും പിണറായി ആരോപിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു ചെത്തുതൊഴിലാളിയുടെ മകനായ പിണറായി വിജയന്‍ കൊട്ടാരതുല്യമായ വീട് നിര്‍മ്മിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍പോയ നാലു സഖാക്കളെ സസ്‌പെന്റ് ചെയ്തുകൊണ്ടാണ് പിണറായി വിജയന്‍ തനിക്കെതിരായ വിമര്‍ശനത്തെ അടിച്ചമര്‍ത്തിയത് എന്ന ആരോപണവും ഇതിനിടയില്‍ ചില മാധ്യമങ്ങളില്‍ വന്നു. എന്നാല്‍ ആ നാലുപേരെ സി.പി.എം പുറത്താക്കിയത് വേറെ കാരണങ്ങളായിരുന്നു എന്നതായിരുന്നു പിന്നീടുള്ള പത്രറിപ്പോര്‍ട്ട്. ഇന്റര്‍നെറ്റില്‍ ചിലര്‍ പ്രചരിപ്പിച്ച കൊട്ടാരതുല്യമായ വീടിന്റെ ചിത്രം കുന്നംകുളത്തുള്ള ഒരു വ്യക്തിയുടേതാണെന്നും പിന്നീട് തെളിഞ്ഞു. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളും എതിര്‍പ്പുകളും ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് പിണറായി ഇതുവരെയെത്തിയത്. എന്നാല്‍ വി.എസ് നേടുന്ന ജനകീയ പങ്കാളിത്തവും സ്വീകാര്യതയും പിണറായിക്ക് ഇതുവരെയാര്‍ജിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പോലും സ്ഥിരീകരിച്ചതാണ് എന്ന വസ്തുത മറക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."