ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഉത്സവം 22 മുതല്‍
കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കുന്ന ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഉത്സവം 22 മുതല്‍ 25 വരെ കൊച്ചി നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. നാളെ വൈകീട്ട് ആറിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ കൊച്ചിയെ കാര്‍ട്ടൂണ്‍ നഗരമായി വിളംബരം ചെയ്യും. കാര്‍ട്ടൂണിസ്റ്റുകളുടെ നാടായി അറിയപ്പെടുന്നെങ്കിലും ഇതാദ്യമായാണ് ഇത്ര വിപുലമായ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേള കേരളത്തില്‍ നടക്കുന്നത്.
കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ്, കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, എറണാകുളം പ്രസ് ക്ലബ്ബ്, ഡി.ടി.പി.സി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സുഭാഷ് ബോസ് പാര്‍ക്ക്, ലളിതകലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, കുട്ടികളുടെ തീയറ്റര്‍, എറണാകുളം പ്രസ് ക്ലബ്ബ് ആര്‍ട് ഗാലറി, എറണാകുളം ഗസ്റ്റ് ഹൗസ് എന്നീ വേദികളില്‍ നടക്കുന്ന മേള കൊച്ചിയെ അഞ്ചു നാള്‍ ഒരു ചിരിനഗരമായി മാറ്റും. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയെ ചിരിവരകളില്‍ പകര്‍ത്തിയ തെരഞ്ഞെടുപ്പ് കാര്‍ട്ടൂണുകള്‍ മാത്രമല്ല, കാലാവസ്ഥാ മാറ്റത്തിന്റെ ഗൗരവമുള്ള കാര്‍ടൂണുകളും മേളയിലുണ്ടാവും.
രാഷ്ട്രീയ, കലാ, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മേളയില്‍ എത്തും. നാളെ കായംകുളത്ത് കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെ സ്മരണയ്ക്ക് മുന്നില്‍ പുഷാപാര്‍ച്ചനടത്തും. വൈകീട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ നഗര വിളംബരത്തിനുശേഷം എറണാകുളം പ്രസ് ക്ലബ്ബില്‍ മാസ്റ്റേഴ്‌സ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആരംഭിക്കും. 22ന് വൈകിട്ട് അഞ്ചിന് എറണാകുളം സുഭാഷ് പാര്‍ക്കില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ലൈവ് ഷോ നടക്കും. ഇതോടൊപ്പം പ്രമുഖ വ്യക്തിത്വങ്ങളുടെ 500 കാരിക്കേച്ചറുകളുടെ പ്രദര്‍ശനം പാര്‍ക്കില്‍ ആരംഭിക്കും. രാഷ്ട്രീയത്തിലെയും സിനിമയിലെയും താരങ്ങളുടെ വലിയ കാരിക്കേച്ചറുകള്‍ക്കൊപ്പം ചിത്രമെടുക്കാന്‍ ജനങ്ങള്‍ക്കു സെല്‍ഫി പോയിന്റുകള്‍ ഒരുക്കും. 22 മുതല്‍ 24 വരെ വൈകീട്ട് 3.30ന് കുട്ടികളുടെ പാര്‍ക്കിലെ ചിരിനേരത്തില്‍ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കുട്ടികള്‍ക്കായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."