എം.എം. മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം 4.30ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സഗൗരവമാണ് അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്തത്. മണിയുടെ കുടുംബവും നാട്ടുകാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് മണി മന്ത്രിയായെത്തുന്നത്. മണിക്ക് വൈദ്യുതവകുപ്പിന്റെ ചുമതലയാണ് ലഭിക്കുകയെന്നാണ് സൂചന. എ.സി.മൊയ്തീന് വ്യവസായവും കടകംപള്ളി സുരേന്ദ്രന് വൈദ്യുതിക്ക് പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണ് വിവരം.
മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് എം.എം മണി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശൈലി മാറ്റേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഉത്തരവാദിത്വ ബോധത്തോടെ മാത്രമെ പ്രതികരിക്കൂ. മന്ത്രി അല്ലാതിരുന്ന കാലത്ത് നടത്തിയതുപോലെയുള്ള പ്രതികരണങ്ങള്‍ മന്ത്രിസ്ഥാനത്തിരുന്ന് നടത്താനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനത്ത് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിലും മറ്റും ഉള്ളതുപോലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നേതാക്കളുടെ പിന്നാലെ പോകുന്ന രീതി തനിക്കില്ല. നാളെയും അങ്ങനെ ചെയ്യില്ല. പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയതുതന്നെ യാദൃശ്ചികമായാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആവേശത്തിനൊപ്പം ഉയര്‍ന്ന് കാര്യങ്ങള്‍ ചെയ്യാനാകുമോയെന്ന് ഉറപ്പില്ല. മഴയില്ലാത്ത സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടായേക്കും. അത് അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
- സാധാരണക്കാരുടെ പ്രതിനിധിയാണ് എം.എം മണി.
- ഇടുക്കി ജില്ലയില്‍ നിന്ന് പിണറായി മന്ത്രി സഭയിലെ ആദ്യ അംഗമാണ്.
- ഹൈറേഞ്ചില്‍ നിന്ന് 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മന്ത്രിയുണ്ടാവുന്നത്.
- പത്താം വയസ്സില്‍ തൊഴിലാളിയായി മണി ജീവിതം തുടങ്ങി
- നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം.
- 27 വര്‍ഷം സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."