കര്‍ണാടക സംഗീതജ്ഞന്‍ ഡോ. ബാലമുരളീകൃഷ്ണ അന്തരിച്ചു
ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. ബാലമുരളീകൃഷ്ണ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ വൈകിട്ട് നാലര മണിയോടെയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു.
കവി, പിന്നണി ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബാലമുരളീകൃഷ്ണന്‍. 1930 ജൂലൈ 30ന് ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്താണ് ബാലമുരളീകൃഷ്ണ ജനിച്ചത്.
സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധര്‍വ്വന്‍, ഗായന ചക്രവര്‍ത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതിധ, നാദ മഹര്‍ഷിണി, ഗന്ധര്‍വ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടിന്റെ സംഗീതജ്ഞന്‍ എന്നിവ അവയില്‍ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇദ്ദേഹത്തിനു ബഹുമതികള്‍ സമ്മാനിച്ചിട്ടുണ്ട്.
മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്‌കാരം, മികച്ച സംഗീതസംവിധായകന്‍, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ഏക കര്‍ണാടക സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാണി നിലയങ്ങളിലെ 'ടോപ്പ് ഗ്രേഡ്' കലാകാരനായും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങളും ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാടകസംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."