ജോലിയോ ശമ്പളമോ ഇല്ലാതെ കഴിയുന്ന 22 ഇന്ത്യക്കാരുടെ ദുരിതത്തിന് അറുതിയായില്ല
റിയാദ്: അഞ്ചു മാസത്തിലധികമായി ശമ്പളമോ ജോലിയോ ഇല്ലാതെ പട്ടിണിയിലും ദുരിതത്തിലുമായി കഴിയുന്ന 22 ഇന്ത്യക്കാരുടെ കൊടിയ ദുരിതം തുടരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ സ്വകാര്യ ട്രാവല്‍സില്‍ നിന്നും സംഘടിപ്പിച്ച വിസയില്‍ ബുറൈദയില്‍ എത്തിയ തൊഴിലാളികളാണ് ദുരിതത്തില്‍ നിന്നും കരകയറാനാകാതെ കഴിയുന്നത്. കെ.എം.സി.സിയടക്കമുള്ള സാമൂഹ്യ ക്ഷേമ സംഘടനകളുടെ കാരുണ്യത്തില്‍ കഴിയുകയാണിവര്‍.
കൊല്‍ക്കത്ത സ്വദേശികളായ 22 പേര്‍ക്കുമായി ചെറിയ ഒരു മുറിയാണ് കമ്പനി നല്‍കിയത്. മാത്രമല്ല, ഇഖാമയോ മറ്റു രേഖകളോ നല്‍കാനും കമ്പനി അധികൃതര്‍ ഒരുക്കമല്ല. അതിനാല്‍ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിവര്‍. പ്രതിമാസം 1200 റിയാല്‍ ശമ്പളത്തില്‍ സ്വകാര്യ കാറ്ററിംഗ് കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തവരാണിവര്‍.
ഇതിനിടെ വാടക നല്‍കാത്തതിനെ ത്തുടര്‍ന്ന് ഉടമ കെട്ടിടത്തില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു. പിന്നീട് സമ്മര്‍ദ്ദത്തെതുടര്‍ന്ന് കമ്പനി മൂന്നു ചെറിയ മുറികള്‍ തരപ്പെടുത്തി കൊടുക്കുകയായിരുന്നു. ഇതേ കമ്പനിയില്‍ 17 നേപ്പാളി സ്വദേശികളും ദുരിതത്തില്‍ കഴിയുന്നുണ്ട്.
ദുരിത ജീവിതത്തില്‍ മനം മടുത്ത ഇവര്‍ കെ.എം.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റിയുടെ സഹായത്താല്‍ എംബസിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ഭക്ഷണ സാധനങ്ങളും തണുപ്പ് ആരംഭിച്ചതിനാല്‍ പ്രതിരോധ വസ്ത്രങ്ങളും കെ.എം.സി.സി എത്തിച്ചു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."