ഒന്നര മാസത്തിനിടെ നാടുകടത്തിയ വിദേശികളുടെ എണ്ണം അര ലക്ഷം കവിഞ്ഞതായി സഊദി ജവാസാത്ത്
ദമ്മാം: തൊഴില്‍ മേഖലയില്‍ നടത്തുന്ന നിയമ ലംഘനത്തിന്റെ പേരിലും മറ്റു പല കേസുകളിലും പെട്ടയാളുകളെ പിടികൂടി കയറ്റി അയക്കാന്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒന്നര മാസത്തിനിടെ രാജ്യത്തു നിന്നും ഇത്തരത്തില്‍ അര ലക്ഷത്തിലധികം വിദേശ തൊഴിലാളികളെ നാടുകടത്തിയതായി സഊദി ജവാസാത്ത് (പാസ്‌പോര്‍ട്ട്) വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിയിലായ തൊഴില്‍ നിയമ ലംഘകരെയാണ് നാടുകടത്തിയത്.
ഒക്‌ടോബര്‍ രണ്ടു മുതല്‍ നവംബര്‍ 15 വരെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായ 55,000 വിദേശ തൊഴിലാളികളെയാണ് നാടുകടത്തിയത്. താമസാനുമതി രേഖയായ ഇഖാമ ഇല്ലാത്തവര്‍, തൊഴില്‍ നിയമലംഘകര്‍ എന്നിവരെയാണ് മാതൃ രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ദിവസവും ശരാശരി 1,222 നിയമ ലംഘകരെയാണ് നാടുകടത്തുന്നതെന്ന് ജവാസാത്ത് വ്യക്തമാക്കി.
മുന്‍ കാലങ്ങളിലെ കണക്കുകളേക്കാള്‍ അഞ്ചു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വിവിധ വകുപ്പുകള്‍ സംയോജിച്ച് സുരക്ഷാ പരിശോധന കര്‍ശനമാക്കിയതാണ് വര്‍ധനവിന് കാരണം. രാജ്യത്തിന്റെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ 17,058 നിയമ ലംഘകര്‍ ഇപ്പോഴും നടപടികള്‍ കാത്തു കിടക്കുന്നുണ്ട്. നിയമ നടപടി പൂര്‍ത്തിയാകുന്നതനുസരിച്ച് ഇവരെയും നാടുകടത്തും.
ഒളിച്ചോടുന്നവര്‍ക്കും അനധികൃതമായി കഴിയുന്നവര്‍ക്കം യാതൊരു സൗകര്യവും ചെയ്ത് കൊടുക്കരുതെന്നും അത്തരക്കാരെ കുറിച്ച് ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുന്നവര്‍ക്ക് വന്‍ പിഴയും വിദേശികളാണെങ്കില്‍ നാടു കടത്തുകയും ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."