ഏക സിവില്‍കോഡ്: ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢ നീക്കം: പി സുരേന്ദ്രന്‍
കല്‍പ്പറ്റ: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢ നീക്കമാണ് ഇപ്പോള്‍ ഏക സിവില്‍കോഡ് സംബന്ധമായി നടന്നു വരുന്നതെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പ്രസ്താവിച്ചു. സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ നേതൃത്വത്തിലുള്ള ഈ ജനാധിപത്യ ധ്വംസനങ്ങള്‍ മുളയില്‍ തന്നെ നുള്ളികളയാന്‍ ഭാരതീയര്‍ രംഗത്ത് വരണം. അമേരിക്കയിലെ വംശീയ കക്ഷികള്‍ അധികാരത്തില്‍ വന്നപോലെയാണ് ഇന്ത്യയില്‍ മോദിയും അധികാരത്തിലേറിയത്. ഈ വംശീയ ആക്രമണത്തെ ശക്തമായി ചെറുത്തു തോല്‍പ്പിക്കാന്‍ നാം ഒന്നായി നീങ്ങേണ്ടിയിരിക്കുന്നു. ആത്മവിശ്വാസം വീണ്ടെടുത്ത്‌കൊണ്ട് പൊതു സമൂഹത്തിന് മുന്‍പില്‍ സമര സന്നദ്ധരായി വരുന്ന മുസ്‌ലിം സമൂഹത്തെ അഭിനന്ദിക്കുകയാണ്.
മുസ്‌ലിം ജനസമൂഹത്തിലെ ഇന്ത്യയുടെ ബഹുസ്വരതയെ നിലനിര്‍ത്താനുള്ള പോരാട്ടമായി ഞാന്‍ ഇതിനെ കാണുകയാണ്. ഒരു മുസല്‍മാന്‍ യഥാര്‍ഥ വിശ്വാസിയായി ജീവിക്കാന്‍ രാജ്യം നല്‍കുന്ന അവകാശം നിലനിര്‍ത്താനുള്ള ഏറ്റവും വലിയ സമര പോരാട്ടമാണ് ഇപ്പോള്‍ തുടക്കം കുറിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ ആത്മാഭിമാനം നിലനിര്‍ത്തി മറ്റൊരു സ്വാതന്ത്ര്യസമര ചരിത്രത്തിനാണ് ഇവിടെ നാന്ദികുറിച്ചിട്ടുള്ളത്.
നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ ഏറ്റവും വലിയ സംസ്‌കൃതിയില്‍ വിള്ളലുണ്ടാക്കാന്‍ ആരെയും അനുവദിച്ചുകൂടാ. മുസല്‍മാനും ഹൈന്ദവനും ഏറ്റവും വലിയ സുഹൃത്തുക്കളാണ്. ആ സൗഹൃദം നിലനിര്‍ത്താന്‍ ഞാന്‍ ഏതറ്റം വരെയും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തില്‍ മോദി മുളപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസത്തിന്റെ വിത്തു നുള്ളിക്കളയാന്‍ എല്ലാ വിശ്വാസികളും ഒന്നാവണമെന്നും പി സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."