പുതിയ മന്ത്രിക്ക് ആശംസകളര്‍പ്പിച്ച് ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍: വൈദ്യുതി മന്ത്രിയായി പുതുതായി ചുമതലയേറ്റ എം.എം മണിക്ക് ആശംസകളര്‍പ്പിച്ച് മുന്‍ മന്ത്രി ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ തെറ്റിനില്‍ക്കുകയാണെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നറിയിച്ചാണ് ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ബന്ധു നിയമന വിവാദം വന്നതോടെ വ്യവസായ മന്ത്രിസ്ഥാനത്തു നിന്നു രാജിവച്ച ജയരാജന്‍ ഇന്നു നടന്ന നിയമസഭാ യോഗത്തില്‍ നിന്നും മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു.
ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എല്‍.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും ഞാന്‍ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബര്‍ 14 ന് ഞാന്‍ രാജി വെച്ചപ്പോള്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങള്‍ എനിക്കും പാര്‍ട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സി.പി.ഐ (എം) നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോള്‍ പ്രചരണങ്ങള്‍ നടത്തുന്നത്.
സഖാവ് പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."