ഏഷ്യന്‍ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഖത്തര്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച
ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായി നടത്തുന്ന 15-ാമത് 'സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്' നവംബര്‍ 25 വെളളിയാഴ്ച്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെ തുമാമ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് നടക്കുക.
'പ്രമേഹത്തെ വരുതിയിലാക്കുക' എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രമേയം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും രക്ഷാധികാരത്തില്‍ നടക്കുന്ന ഏകദിന ക്യാമ്പിന്റെ മുഖ്യ പ്രായോജകര്‍ ഉരീദു ആണ്. ക്യാമ്പിലും അനുബന്ധ ബോധവത്കരണ പരിപാടികളിലുമായി അയ്യായിരത്തോളം പേര്‍ പങ്കെടുക്കും.
നാടുംവീടും ഉറ്റവരെയും വിട്ട് പ്രവാസ ജീവിതം നയിക്കേണ്ടതു കൊണ്ടുണ്ടാകുന്ന മാനസികസംഘര്‍ഷം, തെറ്റായജീവിതരീതി, തുടങ്ങി വിവിധ കാരണങ്ങളാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഏഷ്യന്‍ വംശജരായ തൊഴിലാളികളില്‍ ആരോഗ്യ ബോധവല്‍ക്കരണം നല്‍കുകയാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവക്ക് വിശദമായ ക്ലിനിക്കല്‍ പരിശോധനയും മറ്റ് വിദഗ്ധ പരിശോധനകളും കൗണ്‍സലിംഗും ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കാന്‍ ക്യാമ്പില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക പരിശോധന ആവശ്യമുളള മുന്‍കൂട്ടി രജിസ്റ്റര്‍ ചെയതവര്‍ക്കായി ഫിസിയോതെറാപ്പി ഫോറം ഖത്തറിന്റെ നേത്യത്വത്തില്‍ ഫിസിയോ തെറാപ്പി സൗകര്യവും ഇ.സി.ജി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, എക്കോ, യൂറിന്‍ ടെസ്റ്റ്, ഗ്ലൂക്കോമടെസ്റ്റ്, തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പില്‍ ഉണ്ടാവും. ഓര്‍ത്തോപീടിക്, കാര്‍ഡിയോളജി, സ്‌കിന്‍, ഒപ്താല്‍ മോളജി, ഇ.എന്‍.ടി, ഡെന്റല്‍, ജനറല്‍ മെഡിസിന്‍ എന്നീവിഭാഗങ്ങളിലായി 150 ല്‍ അധികംഡോക്ടര്‍മാരും 175 ല്‍ അധികം പരാമെഡിക്കല്‍ ജീവനക്കാരും വനിതകളുള്‍പ്പെടെ 750 ഓളം വളണ്ടിയര്‍മാരും ക്യാമ്പില്‍ സേവനമനുഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."