മരട് ഗുണ്ടാ ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍
കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട മരട് ഗുണ്ടാ ആക്രമണക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍മാരായ ഭായി നസീറും കുണ്ടന്നൂര്‍ തമ്പിയും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍.
മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഇടപ്പള്ളി തട്ടേക്കാട് വീട്ടില്‍ നസീര്‍ എന്ന ഭായി നസീര്‍ (40), മരട് പുതുവത്സലത്ത് വീട്ടില്‍ തമ്പി എന്ന കുണ്ടന്നൂര്‍ തമ്പി (48), ഇവരുടെ ഗുണ്ടാ സംഘത്തിലെ അംഗങ്ങളായ മുണ്ടംവേലി അത്തിപൊഴി റോഡില്‍ പുളിക്കല്‍ വീട്ടില്‍ പ്രവീണ്‍ (31), രാമേശ്വരം തേവരപറമ്പില്‍ വീട്ടില്‍ പ്രജീഷ് (32), ഫോര്‍ട്ട്‌കൊച്ചി വെളി പുത്തന്‍പാടത്ത് വീട്ടില്‍ നിക്‌സണ്‍ (ടിന്റു-28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഇതോടെ 11 ആയി.
ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ നെട്ടൂര്‍ ആലങ്കപ്പറമ്പില്‍ എ.എം. ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലില്‍വച്ച് നഗ്‌നനാക്കി മര്‍ദ്ദിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ഭായി നസീറിനും തമ്പിക്കും പങ്കുള്ളതായി നേരത്തെ തെളിവ് ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നസീറിനെയും സംഘത്തെയും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനു ശേഷം കുണ്ടന്നൂര്‍ തമ്പിയുടെ പങ്കിനെകുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
ഇതോടെ തമ്പിയും പിടിയിലായി. ഇവര്‍ക്കെതിരേ സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.
മരട് നഗരസഭാ വൈസ് ചെയര്‍മാന് മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി മര്‍ദിച്ച കേസില്‍ ഒന്നാം പ്രതി മരട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, രണ്ടാം പ്രതിയും നഗരസഭാ കൗണ്‍സിലറുമായ ജിന്‍സണ്‍ പീറ്റര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍ അനില്‍കുമാറാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റു കൂടിയായ ആന്റണിയും രണ്ടാം പ്രതി ജിന്‍സണ്‍ പീറ്ററും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."