കൈക്കൂലി: മോദിക്കെതിരായ ഹരജി സുപ്രിംകോടതി സ്വീകരിച്ചു കേസ് വെള്ളിയാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ക്കു സഹാറ, ബിര്‍ള കമ്പനികള്‍ കോഴനല്‍കിയതുസംബന്ധിച്ച ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ നല്‍കിയ ഹരജി വെള്ളിയാഴ്ച സുപ്രിംകോടതി പരിഗണിക്കും. സഹാറ, ബിര്‍ള കമ്പനികളുടെ ഓഫിസില്‍ ആദായനികുതി വകുപ്പും സി.ബി.ഐയും നടത്തിയ പരിശോധനയില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്കു പണം കൊടുത്തതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
2014ല്‍ ഡല്‍ഹിയിലെയും നോയിഡയിലെയും സഹാറ ഗ്രൂപ് ഓഫിസുകളിലും 2013ല്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഫിസിലും ആദായനികുതി വകുപ്പും സി.ബി.ഐയും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളിലാണ് ഉന്നതര്‍ക്കു കൈക്കൂലി നല്‍കിയ വിവരമുള്ളത്. രേഖകള്‍ സി.ബി.ഐയും ആദായനികുതി വകുപ്പും(ഐ.ടി) രഹസ്യമാക്കിവച്ചിരിക്കുകയാണ്. കമ്പനിയില്‍നിന്നു ലഭിച്ച രേഖകളില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ കൂടാതെ ഡല്‍ഹി, മധ്യപ്രദേശ്, ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിമാരും ഉണ്ട്. പേര് വെളിപ്പെടുത്താനാകാത്ത ഉറവിടത്തില്‍നിന്നു ലഭിച്ച അസല്‍രേഖകള്‍ പ്രകാരം സുപ്രിംകോടതി വിഷയത്തിലിടപെടണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ചു കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനും പ്രത്യേക അന്വേഷണസംഘത്തിനും പ്രശാന്ത് ഭൂഷണ്‍ നേരത്തെ കത്തയച്ചിരുന്നു. കത്ത് ഫയലില്‍ സ്വീകരിച്ച കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ്(സി.ബി.ഡി.ടി), ഈ കേസ് സെറ്റില്‍മെന്റ് കമ്മിഷന്‍ പരിഗണിക്കുമെന്ന് മറുപടി നല്‍കി. എന്നാല്‍, ഇതിനു പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കെ.വി.ചൗധരി ആദായനികുതി വകുപ്പിനു മുകളിലുള്ള സി.ബി.ഡി.ടിയുടെ ചെയര്‍മാനായിരിക്കേയാണ് സി.ബി.ഐ ഈ രേഖകള്‍ കൈമാറുന്നത്. എന്നാല്‍ ഈ സംഭവം കെ.വി.ചൗധരി അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. ആദായനികുതി വകുപ്പിലായിരിക്കെ കീഴുദ്യോഗസ്ഥര്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് മൂടിവച്ചതിനാണ് വിരമിച്ചയുടന്‍ കെ.വി.ചൗധരിയെ സി.വി.സി മേധാവിയായി നിയമിച്ചതെന്നും ഭൂഷണ്‍ ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി, ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നു നോട്ട് നിരോധനം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ഡല്‍ഹി നിയമസഭയുടെ അടിയന്തര സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."