നിലച്ചത് കുഞ്ഞുനാള്‍ തൊട്ട് ഇഷ്ടപ്പെട്ട ശബ്ദം
ചെറുപ്പത്തില്‍ റേഡിയോയിലൂടെ ശബ്ദംകേട്ട് ഇഷ്ടപ്പെട്ടുതുടങ്ങിയതാണ് ബാലമുരളീ കൃഷ്ണ സാറിന്റെ ശബ്ദത്തെ. 1966ലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ പാട്ട് നേരിട്ടുകേള്‍ക്കുന്നത്. അന്നുതൊട്ട് ഈ നിമിഷംവരെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണു ഞാന്‍.
അദ്ദേഹത്തിന്റെ ശബ്ദത്തോടുള്ള അദമ്യമായ ഇഷ്ടമാണ് എന്നെ ഗാനരംഗത്തേക്കു നയിച്ചതെന്നു പറയുന്നതില്‍ തെറ്റില്ല. അത്രയേറെ വശ്യമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. കേട്ടാലും കേട്ടാലും മതിവരില്ല. സംഗീതസാഗരത്തിലേക്കു നമ്മെ വലിച്ചടുപ്പിക്കുന്ന അനുഭവമായിരുന്നു. മറ്റുള്ളവര്‍ പാടിക്കേട്ട കീര്‍ത്തനങ്ങള്‍പോലും ബാലമുരളീകൃഷ്ണ പാടുമ്പോള്‍ പ്രത്യേക അനുഭൂതിയായിരിക്കും നമുക്കുണ്ടാവുക.
ആ സംഗീതസാമ്രാട്ടിനോടു സംസാരിക്കാനും ആ അധരങ്ങളില്‍നിന്നു നേരിട്ടു ഗാനമാധുരി ആസ്വദിക്കാനും കൊതിമൂത്ത് പലതവണ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്്്. വലിയ സംഗീതജ്ഞനാണെന്ന ഭാവം ഒരിക്കലും കാണിച്ചിട്ടില്ല. ആരോടും കാണിക്കാറുമില്ല. എല്ലാവരോടും വളരെ ആത്മാര്‍ഥമായി ഇടപെടും. ഒരുപാടുനേരം സംസാരിച്ചിരിക്കും. ആ ചിരിയിലും നോട്ടത്തിലും എപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രകടമായിരുന്നു.
അദ്ദേഹത്തിന്റെ ലളിതമായ വ്യക്തിത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പല സംഗീതപരിപാടികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം നടനായിരുന്നു, ഗായകനായിരുന്നു, സംഗീതസംവിധായകനായിരുന്നു. ഇതിനെല്ലാം പുറമെ 24 സ്വരങ്ങളും ശുദ്ധമായി അറിയുന്ന, പ്രയോഗിക്കുന്ന അപൂര്‍വം ഗായകരിലൊരാളായിരുന്നു.
ആന്ധ്രക്കാരനാണെങ്കിലും മലയാളിക്കും തമിഴനും കര്‍ണാടകക്കാരനുമെല്ലാം അദ്ദേഹം അവരുടെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്നു. ബാലമുരളീകൃഷ്ണ നമ്മുടെ നാട്ടുകാരനല്ല എന്നു നമുക്കു തോന്നാറില്ലല്ലോ. അതാണ് ശരിയായ കലാകാരന്റെ ഗുണം. സംഗീതത്തിനും സംഗീതകാരനും ദേശഭാഷകളുടെ അതിര്‍ത്തി ബാധകമല്ല. അവര്‍ ലോകത്തിന്റെ സ്വത്താണ്. ബാലമുരളീ കൃഷ്ണ അത്തരമൊരു സംഗീതജ്ഞനായിരുന്നു.
സംഗീത ചികിത്സ (മ്യൂസിക് തെറാപ്പി) അദ്ദേഹത്തെപ്പോലെ ആവിഷ്‌കരിക്കാന്‍ സാധിച്ച മറ്റൊരു സംഗീതജ്ഞനില്ല. ശുദ്ധസംഗീതത്തിനു എല്ലാം സംസ്‌കരിച്ചെടുക്കാനുള്ള കഴിവുണ്ടെന്ന യാഥാര്‍ഥ്യത്തില്‍ അദ്ദേഹം വിശ്വസിച്ചു. ദുഃഖവും ആകുലതകളും മനസ്സിന്റെ പിരിമുറുക്കവും ശാരീരികവും മാനസികവുമായ രോഗങ്ങള്‍ പോലും സംഗീതത്തിന്റെ മുന്നില്‍ ശമനം കൈവരിക്കും.
അദ്ദേഹത്തെ അനുകരിച്ചാണു ഞാനും മ്യൂസിക് തെറാപ്പിയിലേക്കു കടക്കുന്നത്. അദ്ദേഹത്തെ ഒരിക്കലെങ്കിലും അനുകരിച്ചു നോക്കാത്ത ഒരു സംഗീതജ്ഞന്‍പോലും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അത്രയും മഹത്തായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സംഗീതത്തിന്റെ നിറകുടമായിരുന്നു അദ്ദേഹം.
എന്തിനെക്കുറിച്ചുമുള്ള അടിസ്ഥാനപരമായ അറിവായിരുന്നു ബാലമുരളീകൃഷ്ണയുടെ മറ്റൊരു സവിശേഷത. ഏതു സ്ഥായിയിലും സഞ്ചരിക്കാവുന്ന പരമോന്നത ശബ്ദത്തിനുടമയായ അദ്ദേഹത്തെ പലപ്പോഴും ഞാന്‍ മാറിനിന്നു തൊഴുതിട്ടുണ്ട്. അദ്ദേഹത്തെ മനസ്സില്‍ ധ്യാനിച്ചാണു പല വേദികളിലും ഞാന്‍ പാടാറുള്ളത്.
ഏതു രാഗവും വഴങ്ങുന്ന സംഗീതജ്ഞര്‍ വേറെയുമുണ്ടാകാം. എന്നാല്‍, അത്തരക്കാര്‍ക്കെല്ലാം പുതിയ രാഗങ്ങള്‍ ചിട്ടപ്പെടുത്താന്‍ കഴിയണമെന്നില്ല. ചിട്ടപ്പെടുത്തിയാല്‍ത്തന്നെ അവ വൈകല്യമുക്തമാകണമെന്നുമില്ല. ബാലമുരളീകൃഷ്ണസാര്‍ പുതിയരാഗങ്ങള്‍ അസാമാന്യപാടവത്തോടെ ചിട്ടപ്പെടുത്തിയ മഹാനായിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനായ ആ മഹാനുഭാവന്റെ വേര്‍പാട് ലോകസംഗീതത്തിനു തീരാനഷ്ടമാണ്. ആദരാഞ്ജലികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."