ഐ.ഒ.സി ലോറി പണിമുടക്ക്: സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം
കൊച്ചി: ടെന്‍ഡര്‍ നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഇരുമ്പനം ഐ.ഒ.സിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് അഞ്ചാം ദിവസത്തിലേയ്ക്ക്. ഇതോടെ കേരളത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇന്ധനം തീര്‍ന്ന ചില പമ്പുകള്‍ ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. സമരം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ മിക്ക പമ്പുകളിലെയും ഇന്ധനം തീര്‍ന്നേക്കും. അതേ സമയം, 11 ജില്ലകളിലെ ഭൂരിഭാഗം ഐ.ഒ.സിയുടെ പമ്പുകളും ഇന്ധനം ലഭിക്കാതെ അടഞ്ഞുകഴിഞ്ഞു. ഐ.ഒ.സി പമ്പുടമകളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇന്നലെ എച്ച്.പി.സി, ബി.പി.സി പമ്പുടമകളും ഇന്ധനം എടുത്തിരുന്നില്ല.
സമരം അവസാനിപ്പിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. സമരം തുടരുമെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു. മാനേജ്‌മെന്റിന്റെ പിടിവാശി മൂലമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴിലാളി യുനിയന്‍ നേതാവ് ഹരികുമാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടും ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും കമ്പനി മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അതു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ജില്ലാ കലക്ടര്‍ ഇരുവിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഇന്നലത്തെ ചര്‍ച്ചയോടെ സമരം തീരുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്് പെട്രോളിയം ട്രേഡേഴ്‌സ്(എ.കെ.എഫ്.പി.ടി)ന്റെ അടിയന്തിര എക്‌സിക്യൂട്ടീവ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് ഭാവി പരിപാടികളില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."