സഹകരണ ബാങ്ക് നിയന്ത്രണത്തില്‍ കേന്ദ്രം ഇളവ് നല്‍കിയേക്കും
ന്യൂഡല്‍ഹി: പഴയനോട്ട് മാറ്റിയെടുക്കുന്നതില്‍ സഹകരണമേഖലയ്ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. തുടക്കത്തില്‍ സഹകരണമേഖലയ്ക്ക് അനുമതിനല്‍കിയിരുന്നെങ്കിലും ഉടന്‍ റിസര്‍വ് ബാങ്ക് അതുതിരുത്തി പ്രസ്താവനയിറക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കനത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ പുനരാലോചന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത്, മഹാരാഷ്ട്ര തുങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളും കേന്ദ്രസര്‍ക്കാരിനെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ തന്നെയാണ് പ്രക്ഷോഭം നടത്തുന്നത്. ഇക്കാര്യത്തില്‍ ഇന്നലെ രാവിലെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തി. സഹകരണമേഖലയ്ക്ക് ഇളവുനല്‍കുന്നതുസംബന്ധിച്ച രാഷ്ട്രീയ നിലപാടാണ് വിഷയമായത്. കള്ളപ്പണം ഒളിപ്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കാനുള്ള ആലോചനകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനം ഉണ്ടായേക്കുമെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ പറഞ്ഞു.
അതേസമയം, കേരളാ നിയമസഭ പ്രത്യേക യോഗം ചേര്‍ന്ന് കേന്ദ്ര നടപടിയ്‌ക്കെതിരേ പ്രമേയം പാസാക്കുകയും നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്താനും തീരുമാനിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി ഘടകവും കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ധനമന്ത്രിയെ ധരിപ്പിക്കാന്‍ ഇന്ന് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തും.
കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, എം.പിമാരായ രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവരും സംഘത്തിലുണ്ടാകും. സഹകരണ മേഖലയ്ക്ക് ഇളവ് നല്‍കിയുള്ള പ്രഖ്യാപനമുണ്ടാവുകയാണെങ്കില്‍ ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."