കള്ളപ്പണത്തിനെതിരായ പോരാട്ടം: നോട്ട് നിരോധനം തുടക്കം മാത്രമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ ഈ നടപടി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നും മോദി പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം കൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരും മധ്യവര്‍ഗത്തില്‍പ്പെട്ടവരുമാണ്. കള്ളപ്പണവും അഴിമതിയും വ്യാജ നോട്ടുകളും തുടച്ചുനീക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നോട്ട് നിരോധത്തിലെ പ്രതിപക്ഷ പ്രചാരണങ്ങള്‍ മറികടക്കാന്‍ പൊതുജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണങ്ങളെ കുറിച്ച് ബോധവത്കരിക്കണമെന്നു മോദി പാര്‍ട്ടി എം.പിമാരോട് അഭ്യര്‍ഥിച്ചു.
നോട്ട് നിരേധനത്തെ പിന്തുണച്ചു യോഗം ഏകകണ്‌ഠേന പ്രമേയം പാസാക്കി. നടപടിയെ എതിര്‍ക്കുന്ന പ്രതിപക്ഷം രാജ്യത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനുമൊപ്പമാണോ അതോ കള്ളപ്പണക്കാര്‍ക്കൊപ്പമാണോ എന്നു വ്യക്തമാക്കണമെന്ന് പ്രമേയത്തില്‍ ചോദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആണ് പ്രമേയം അവതരിപ്പിച്ചത്.
നോട്ടുനിരോധനം കള്ളപ്പണത്തിനെതിരായ കുരിശുയുദ്ധമാണെന്ന് പറയുന്ന പ്രമേയം പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നു കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കിയതു സംബന്ധിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി യോഗത്തില്‍ വ്യക്തമാക്കി. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം വളരെ വലുതാണ്. രാജ്യമെമ്പാടുമുള്ളവര്‍ മോദിയുടെ തീരുമാനത്തിന് പിന്തുണ നല്‍കുന്നു.
നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് മോദിയും മന്ത്രിമാരും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെത്തി പ്രസ്താവന നടത്തിയത്.
അതേസമയം, നോട്ട് നിരോധനം സംബന്ധിച്ചു ജനങ്ങളുടെ അഭിപ്രായമറിയാന്‍ 'നമോ' ആപ്പിലൂടെ സര്‍വേ നടത്തുമെന്ന് മോദി അറിയിച്ചു. നോട്ട് നിരോധനത്തില്‍ നിങ്ങളുടെ നേരിട്ടുള്ള അഭിപ്രായമാണ് അറിയേണ്ടത്. അതിനാല്‍ എല്ലാവരും ഈ സര്‍വേയില്‍ പങ്കെടുക്കണം. വിഷയത്തെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും 'നമോ' ആപ്പിലൂടെ അറിയിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."