ഫസല്‍ വധക്കേസ് മൊഴിമാറ്റിച്ചതിനു പിന്നില്‍ ഗൂഢാലോചന: ബി.ജെ.പി
കണ്ണൂര്‍: തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിനെക്കൊണ്ട് മൊഴിമാറ്റി പറയിച്ച സംഭവം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബി.ജെ.പി. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത സുബീഷിനെ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചവശനാക്കിയാണു രണ്ടു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മൊഴിമാറ്റിച്ചത്.
നേരത്തെ പൊലിസ് എഴുതി തയാറാക്കിയ കുറിപ്പ് സുബീഷിനെക്കൊണ്ട് വായിപ്പിക്കുകയും ഇതു കാമറയില്‍ റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. അഴീക്കല്‍ കോസ്റ്റ് ഗാര്‍ഡ് പൊലിസ് സ്റ്റേഷനില്‍ ഭക്ഷണം പോലും നല്‍കാതെ ഒരുദിവസം മുഴുവന്‍ മര്‍ദിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ സുബീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും ബി.ജെ.പി സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സുബീഷിനെ മോഹനന് വധക്കേസില്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തിയതാണ്. ഈ കേസില്‍ പൊലിസ് പിടികൂടിയവരാരും സുബീഷിന്റെ പേരുപറഞ്ഞിട്ടില്ല.
മൊഴിമാറ്റിയ നടപടിക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സി.പി.എമ്മിന്റെ ഭരണകൂട ഭീകരതയ്ക്കെതിരേ 24നു തലശ്ശേരിയില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."