ഫുക്കുഷിമയില്‍ ഭൂകമ്പം, സുനാമി ആണവനിലയം അടച്ചു, ആളപായമില്ല
ടോക്കിയോ/വെല്ലിങ്ടണ്‍: ജപ്പാനിലും ന്യൂസിലന്‍ഡിലും വന്‍ ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമയില്‍ സുനാമിയുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ജപ്പാനിലെ തീരങ്ങളില്‍ സുനാമിത്തിരമാലകളെത്തി. ഒരു മീറ്ററിലേറെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചു. അഞ്ചു വര്‍ഷം മുമ്പ് സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമ ആണവ നിലയത്തിനു സമീപമാണ് ഭൂകമ്പവും സുനാമിയുമുണ്ടായത്.
മൂന്നു മീറ്റര്‍ ഉയരത്തില്‍വരെ തിരമാലകള്‍ അടിക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. 30 കി.മി താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഫുക്കുഷിമയില്‍ നിന്ന് 100 മൈല്‍ അകലെയുള്ള ടോക്കിയോയില്‍ തുടര്‍ചലനമുണ്ടായി. 30 സെക്കന്റ് നീണ്ടു നിന്ന ചലനമാണ് അനുഭവപ്പെട്ടത്.
ഭൂകമ്പത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
പ്രാദേശിക സമയം പുലര്‍ച്ചെ 5.59നാണ് ഭൂകമ്പം ഉണ്ടായത്. ഫുക്കുഷിമയിലെ ആണവനിലയങ്ങള്‍ അടയ്ക്കുകയും കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റുകയും ചെയ്തു. ജനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫുക്കുഷിമ നിലയത്തിന് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
2011 മാര്‍ച്ച് 11 ന് ഉണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ 18,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. ഇതിലാണ് ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതും ആണവചോര്‍ച്ചയുണ്ടായതും.
ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. ഇവിടെയും ആളപായം രേഖപ്പെടുത്തിയിട്ടില്ല. നവംബര്‍ 14ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഭൂചലനത്തില്‍ 185 പേര്‍ മരണമടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."