വ്യാജ സ്വര്‍ണപ്രതിമകള്‍ വിറ്റഴിക്കാനെത്തിയ തട്ടിപ്പു സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
കൊട്ടാരക്കര: വ്യാജ സ്വര്‍ണ പ്രതിമകള്‍ വിറ്റഴിക്കാനെത്തിയ തട്ടിപ്പു സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
തിരുവനന്തപുരം നേമം കാരയ്ക്കാ മണ്ഡപം പ്ലാവിള വീട്ടില്‍ ബഷീറിന്റെ ഭാര്യ ലത്തീഫ (54), നെടുമങ്ങാട് പൂവത്തൂര്‍ ചെല്ലംകോട് കോണത്ത് വീട്ടില്‍ സുനില്‍ (44) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന
ബഷീര്‍ (64) ഓടി രക്ഷപ്പെട്ടു. കിള്ളൂരില്‍ വാടകയ്ക്കു താമസിച്ച് തട്ടിപ്പിനു ശ്രമിക്കുകയായിരുന്നു ഇവര്‍. ഇവരില്‍ നിന്നും ഇരുപത്തിയഞ്ചോളം സ്വര്‍ണം പൂശിയ ലോഹ പ്രതിമകളും കണ്ടെടുത്തു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്. ബഷീര്‍, ഭാര്യ ലത്തീഫ, ഡ്രൈവര്‍ സുനില്‍കുമാര്‍ എന്നിവര്‍ രണ്ടു മാസമായി കിള്ളൂര്‍ കൃഷ്ണഭവനില്‍ ഗീതയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. വട്ടപ്പാറയില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള വീടും വസ്തുവും വില്‍ക്കാനുണ്ടെന്ന് ഇവര്‍ ഗീതയെ അറിയിച്ചു. വസ്തു കാണാനായി വീട്ടമ്മയ്‌ക്കൊപ്പം വട്ടപ്പാറയിലെത്തിയ സംഘം വീട്ടില്‍ ചാക്കുകളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ലോഹ പ്രതിമകള്‍ കാണിച്ച് സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചു. വിശ്വാസ്യതയ്ക്കായി പ്രതിമകളിലൊന്നില്‍ നിന്നും അടര്‍ത്തിയെടുത്തതെന്ന പേരില്‍ സ്വര്‍ണത്തിന്റെ കഷ്ണവും നല്‍കി.
തിരികെ കിള്ളൂരില്‍ വീട്ടിലെത്തിയ ഇവര്‍ വിലയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഗീത വിവരം പൊലിസില്‍ അറിയിക്കുകയുമായിരുന്നു.
പ്രതിമകള്‍ ഉരുക്കി വില്‍ക്കാന്‍ പതിനഞ്ച് ലക്ഷം രൂപ സംഘം വീട്ടമ്മയോട് ആവശ്യപ്പെട്ടുവത്രെ. തങ്ങള്‍ എത്തുമ്പോഴേക്കും ബഷീര്‍ ഓടി രക്ഷപെട്ടെന്നും സുനില്‍കുമാറിനെയും ലത്തീഫയേയും കസ്റ്റഡിയിലെടുത്തതായും പൊലിസ് പറയുന്നു.
എന്നാല്‍ പൊലിസ് പറയുന്ന കഥയില്‍ ദുരൂഹതകളുണ്ടെന്നാണ് കിള്ളൂരിലെ പരിസരവാസികള്‍ പറയുന്നത്. തട്ടിപ്പു കാരാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവര്‍ക്ക് വീട്ടമ്മ താമസമൊരുക്കിയതെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കം കൈയേറ്റത്തിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് പൊലിസിനെ വിളിക്കുകയായിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്. പ്രതിമകളുടെ ഇടപാട് മാത്രമല്ല കള്ളനോട്ട് സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായതായി ആരോപണമുണ്ട്.
സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ ഒഴിവാക്കാനും പങ്കാളിയായ വീട്ടമ്മയെ കേസില്‍ നിന്നും ഒഴിവാക്കാനും ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടായതായും ആരോപണമുണ്ട്. എസ്.ഐ ശിവപ്രകാശ്, എസ്.ഐമാരായ രതീഷ്, ബാലചന്ദ്രന്‍, ചെറിയാന്‍ എ.എസ്.ഐ രാജേന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."