പ്രകൃതിയും ബോള്‍പേനകളും തമ്മില്‍; ആഘാതം തുറന്നുകാട്ടി 'മഷി'
വണ്ടൂര്‍: മഷി തീര്‍ന്നാല്‍ വലിച്ചെറിയുന്ന ബോള്‍ പേനകള്‍ പ്രകൃതിയിലുണ്ടാക്കുന്ന വിപത്തുകളിലേക്കു വിരല്‍ചൂണ്ടുകയാണ് മഷി എന്ന ഹ്രസ്വചിത്രം. കളിക്കുന്നതിനിടെ യാദൃശ്ചികമായി ഒരു വിദ്യാര്‍ഥിക്കുണ്ടാകുന്ന അനുഭവവും മനസില്‍ രൂപപ്പെടുന്ന ആശയങ്ങളുമാണ് ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലുള്ളത്.
സംഭാഷണങ്ങളൊന്നുമില്ലാതെ പൂര്‍ണമായും പശ്ചാത്തല സംഗീതത്തോടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തൃശൂര്‍ കേരളവര്‍മ കോളജിലെ ബിരുദ വിദ്യാര്‍ഥിയും വണ്ടൂര്‍ സ്വദേശിയുമായ പി. ഹഫീസുല്‍ ഹഖ് സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച 'മഷി' യൂട്യൂബില്‍ തരംഗമാകുകയാണ്.
പ്രകൃതിക്കു ദോഷമില്ലാത്ത പഴയ മഷി ഒഴിച്ച് ഉപയോഗിച്ചിരുന്ന ഹീറോ പേനകള്‍ സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും കാണാകാഴ്ചകളായി.
റീഫില്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ക്കു പേനകളുടെയത്ര വിലയുള്ളതിനാല്‍ പുതിയതു വാങ്ങാനുള്ള മനോഭാവവുമുണ്ടായി.
ഒരു കുട്ടി പത്താംക്ലാസ് പഠനകാലത്തുമാത്രം ഏകദേശം 60 പ്ലാസ്റ്റിക് പേനകള്‍ ഉപയോഗിക്കുന്നുവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇതു പ്രകൃതിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ എത്രത്തോളമെന്നുമുള്ള സത്യം വെളിച്ചത്തു കൊണ്ടുവരികയാണ് തന്റെ ഹ്രസ്വചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു ഹഫീസ് പറയുന്നു.
കേരളവര്‍മയിലെ വിദ്യാര്‍ഥിനിയായ എസ്. ദിവ്യ രചിച്ച നാലു വരി കവിതകളോടെ അവസാനിക്കുന്ന ചിത്രം ഇതിനകം യൂട്യൂബില്‍ തരംഗമായിട്ടുണ്ട്. കോളജധ്യാപികയായ പി.എച്ച് സീനയാണ് നിര്‍മാതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."