വയോധികയെ വരാന്തയില്‍ ഉപേക്ഷിച്ച് വീട്ടുകാര്‍ വീടുപൂട്ടി പോയതായി പരാതി
കോട്ടയം: വയോധികയെ വീടിന്റെ വെളിയില്‍ ഉപേക്ഷിച്ച് വീട്ടുകാര്‍ വീട് പൂട്ടി പോയതായി പരാതി. പനച്ചിക്കാടിനടുത്ത് ചോഴിയക്കാട് മേനാംപടവില്‍ സ്‌നേഹതീരം വീട്ടില്‍ മേരിയെ(65)യാണ് വീടിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മേരിയ്ക്ക് രണ്ടു ആണ്‍മക്കളാണുള്ളത്.
ഒരാള്‍ ആലുവയിലും മറ്റൊരാള്‍ ചോഴിയക്കാട്ടും. ചോഴിയക്കാട്ടില്‍ താമസിക്കുന്ന മൂത്തമകന്‍ ജോലി ചെയ്യുന്നത് മുംബൈയിലാണ്. മേരി ആദ്യം ആലുവയിലുള്ള മകനോടൊപ്പമായിരുന്നു താമസം. ആലുവയിലുള്ള വീട് മകന്‍ വിറ്റതോടെ മേരി കുന്നന്താനത്തുള്ള സഹോദരന്റെ വീട്ടില്‍ എത്തി.
അവിടെ താമസക്കുന്നതിനിടെ വീടിനുള്ളില്‍ വീണു മേരിയ്ക്ക് പരുക്കേറ്റിരുന്നു. കാലിനു സാരമായി പരുക്കേറ്റ മേരിയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പണം അടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നതോടെ മേരിയെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ചേഴിയക്കാട്ടുള്ള മകന്റെ വീട്ടിലെത്തി.
ഇതോടെ ആ വീട്ടില്‍ താമസിക്കുന്ന മകന്റെ അമ്മായിഅമ്മ വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണ് മേരി ചോഴിയക്കാട്ടുള്ള മകന്റെ വീട്ടില്‍ എത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പൊലിസും ജനപ്രതിനിധികളും ചേര്‍ന്ന് മേരിയെ വീട് തുറന്ന് അകത്ത് പ്രവേശിപ്പിച്ചു.ഇവരെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നീക്കവും അധികൃതര്‍ നടത്തുന്നുണ്ട്.
മേരിയെ ഇപ്പോള്‍ നാട്ടുകാരാണ് സംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ചിങ്ങവനം പൊലിസിനെ വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലന്ന് ആക്ഷേപം ശക്തമാണ്.
പൂഞ്ഞാറില്‍ ലോക്കല്‍ കമ്മിറ്റി
നേതാക്കള്‍ക്കെതിരേയും നടപടിക്ക് നിര്‍ദേശം
ഈരാറ്റുപേട്ട: പൂഞ്ഞാറിലെ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി നേതാക്കള്‍ക്കെതിരേയും സി.പി .എമ്മില്‍ അച്ചടക്ക നടപടിക്കു സാധ്യത. പൂഞ്ഞാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജ് നേടിയ ഭൂരിപക്ഷത്തോളം പോലും മൂനാം സ്ഥാനത്തു മാത്രം എത്തിയ ഇടതു മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു വോട്ടുകള്‍ നേടുവാന്‍ കഴിഞ്ഞില്ല എന്നുള്ളത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.
പി.സി.ജോര്‍ജിനെ നേരിടാന്‍ പിണറായി വിജയന്‍ നേരിട്ട് മൂന്നു തവണയെത്തിയെങ്കിലും ഇടതുമുന്നണിക്ക് കടുത്ത ആഘാതം ഏല്‍പിച്ചാണ് പൂഞ്ഞാറിന്റെ ഫലം പുറത്തുവന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി നേടിയ 44105 വോട്ടില്‍ നിന്നു നേര്‍പകുതിയായി ഇത്തവണത്തെ വോട്ടുകള്‍. വെറും 22 ,270 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി.ഇബ്രാഹിം(കാഞ്ഞിരപ്പള്ളി),വി.എന്‍. ശശീന്ദ്രന്‍ (പൂഞ്ഞാര്‍)എന്നിവര്‍ക്കെതിരേയുള്ള നടപടി സംസ്ഥാന സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഞായറാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്.
പൂഞ്ഞാറിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ തോല്‍വി സംബന്ധിച്ച് ബേബി ജോണ്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാന പ്രതിസ്ഥാനത്തുവന്നവര്‍ക്കെതിരേയാണ് നടപടി എടുക്കുന്നത്. ജോര്‍ജിനെ പിന്തുണയ്ക്കില്ലെന്ന് സി.പി.എമ്മിന്റെ ഔദ്യോഗിക തീരുമാനം വന്നു കഴിഞ്ഞും മണ്ഡലം കമ്മിറ്റിയില്‍ ജോര്‍ജിന് അനുകൂലമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
സ്വതന്ത്രനായി മത്സരിച്ച പി.സി. ജോര്‍ജ് വന്‍ ഭൂരിപക്ഷത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍നിന്നു വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി.ജോസഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി ആഗസ്തിക്കും പിന്നില്‍ മൂന്നാമനായാണ് എത്തിയത്. 22270 വോട്ടുകള്‍ മാത്രമാണ് പി.സി.ജോസഫിന് നേടാന്‍ കഴിഞ്ഞത്. 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പൂഞ്ഞാറില്‍ പി.സി.ജോര്‍ജിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."